തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്തെ പ്രതിപക്ഷത്തിന്‍റെ പ്രതികാര രാഷ്‌ട്രീയത്തിന്‍റെ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തിൽ കേരളം അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടത് ചിലരെ അസ്വസ്ഥരാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ കേരളത്തിന്‍റെ പ്രതിരോധ സംവിധാനത്തെ വിമർശിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങിയതിന്‍റെ പ്രത്യാഘാതമാണ് രോഗവ്യാപനം.
കൊവിഡ് വ്യാപനം പ്രതിപക്ഷത്തിന്‍റെ പ്രതികാര രാഷ്‌ട്രീയത്തിന്‍റെ ദുരന്തമെന്ന് മുഖ്യമന്ത്രി - പ്രതികാര രാഷ്‌ട്രീയം
കേരളം അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടത് ചിലരെ അസ്വസ്ഥരാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനാവശ്യ - അരാജക സമരങ്ങൾ, ജാഗ്രത പാലിക്കേണ്ടതില്ലെന്ന സന്ദേശമാണ് നൽകിയത്. മാസ്ക് വലിച്ചെറിയാനായിരുന്നു ആഹ്വാനം. ഉത്തരവാദിത്തപ്പെട്ട നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. അവരെ പിന്തുണയ്ക്കാനും ചിലർക്ക് ചിന്താഗതി ഉണ്ടായി. കൊവിഡ് പ്രതിരോധത്തിൽ മുഴുകിയിരുന്ന പൊലീസിന് സമരങ്ങളെ നിയന്ത്രിക്കാൻ എത്തേണ്ടി വന്നു. സംസ്ഥാനം രോഗവ്യാപനത്തിന്‍റെ വക്കിൽ നിൽക്കുമ്പോൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്ന നിലപാടല്ല ഉണ്ടായത്. ഇതേത്തുടർന്ന് കേരളത്തിലുണ്ടായ രോഗവ്യാപനം, ഉത്സവങ്ങളും ആഘോഷങ്ങളും വരാനിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവർത്തിക്കരുത് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത്.
ആൾക്കൂട്ടവും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സമരങ്ങളും രോഗവ്യാപനത്തിന് കാരണമാകുമെന്ന് താൻ പലതവണ പറഞ്ഞതാണ്. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി കേന്ദ്ര ആരോഗ്യമന്ത്രി എല്ലാ ഘട്ടത്തിലും പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെ കേവലം വിമർശനം എന്നതിനപ്പുറം പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.