തിരുവനന്തപുരം: വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയത്. ഭാര്യ കമല, ചെറുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പം എമിറേറ്റ്‌സിന്‍റെ തിരുവനന്തപുരം വിമാനത്തിലായിരുന്നു തിരിച്ചെത്തിയത്.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുബായിയില്‍ നിന്നുമാണ് മുഖ്യമന്ത്രിയും സംഘവും 12 ദിവസത്തെ വിദേശ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. ഈ മാസം എട്ടിന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും യുഎസ്, ക്യുബ, ദുബായ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങിയത്. യുഎസിലെ ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ മേഖല സമ്മേളനത്തിലും തുടര്‍ന്ന് ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ലോകബാങ്ക് പ്രതിനിധികളുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച നടത്തി. അമേരിക്കയിലെ യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം ക്യുബയിലെത്തിയ സംഘം ക്യുബന്‍ പ്രസിഡന്‍റ് മിഗ്വയേൽ ഡയസ്-കാനൽ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ ദുബായിയില്‍ നടന്ന കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്‍ററിന്‍റെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മൂന്ന് ദിവസമായിരുന്നു മുഖ്യമന്ത്രിയും സംഘവും ദുബായിയിലുണ്ടായിരുന്നത്. ജൂണ്‍ 18 ന് ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല.