തിരുവനന്തപുരം: ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. ശിശുദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്വാതന്ത്ര്യ പോരാട്ടത്തിന് നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം അനന്യമാക്കുന്നു. സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.