തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നതിൽ തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. എന്നാൽ അതൊരു ക്രമസമാധാന പ്രശ്നമായാൽ കമ്മിഷൻ ഇടപെടുമെന്നും സുനിൽ അറോറ പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നതിൽ തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഈസ്‌റ്റർ, വിഷു, റംസാൻ എന്നിവ പരിഗണിച്ച് തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. സിബിഎസ്ഇ പരീക്ഷ തീയതിയും പരിഗണിക്കും. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ കമ്മിഷൻ പിന്നീട് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 15000 പോളിംഗ് ബൂത്തുകൾ കൂടി ഇത്തവണ അധികമായി ഉണ്ടാകും. ആകെ 40,771 ബൂത്തുകൾ ഇത്തവണ തെരഞ്ഞെടുപ്പിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും ആയിരം വോട്ടർമാരെ ഉൾപ്പെടുത്തും. കൊവിഡ് രോഗികൾക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.
മലപ്പുറം, വയനാട്, പാലക്കാട് എന്നി മൂന്ന് ജില്ലകൾ പ്രശ്നബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ നടക്കും. സമൂഹ മാധ്യമങ്ങളെയും വ്യാജ വാർത്തകളെയും നിയന്ത്രിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.