തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കുട്ടികൾക്കെന്താ കാര്യം എന്നല്ലേ… കള്ളനും പൊലീസും കളിയല്ല, ബുദ്ധി കൊണ്ട് കുട്ടികളെ കളി പഠിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.
വരൂ ചെസ് കളിക്കാം, പഠിക്കാം.. ഫോർട്ട് പൊലീസ് സ്റ്റേഷൻ പഴയ ഫോർട്ട് സ്റ്റേഷനല്ല - കേരള പൊലീസ്
കുട്ടികൾക്കിടയിൽ സാമൂഹ്യാവബോധവും മനോവികാസവുമാണ് ലക്ഷ്യം. കുട്ടികളില്‍ നിന്നും നല്ല പ്രതികരണം.
ഇത് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ. കുട്ടികൾക്കിടയിൽ സാമൂഹ്യാവബോധത്തിന്‍റേയും മനോവികാസത്തിന്‍റെയും പുതുവഴി തുറക്കാൻ കേരള പൊലീസ് തയാറായപ്പോൾ കുരുന്നുകൾ ഇരുകയ്യും നീട്ടി അത് സ്വീകരിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ചെസ് പരിശീലനം നല്‍കുകയാണ് ഫോർട്ട് പൊലീസ് സ്റ്റേഷൻ ലക്ഷ്യമിടുന്നത്.
ശരിയായ തീരുമാനമെടുക്കാനുള്ള ശേഷിയാണ് തെറ്റിൽ നിന്ന് കുട്ടികളെ പിന്നോട്ടു വലിക്കാനുള്ള മാര്‍ഗമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ജനകീയ കാഴ്‌ചപ്പാടുകളോടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പൊലീസ് തയാറാകുമ്പോൾ അത് കുട്ടികളില്‍ നിന്നാകുന്നത് സമൂഹത്തില്‍ നല്ല മാറ്റം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.