തിരുവനന്തപുരം:ഇന്ത്യയില്‍ അധികാരത്തിലില്ലാതെ തീര്‍ത്തും ദുര്‍ബലമായി നില്‍ക്കുന്ന കോണ്‍ഗ്രസില്‍ അധികാരം വെട്ടിപ്പിടിക്കേണ്ട ആവശ്യം നെഹ്‌റു കുടുംബത്തിനില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനും അടുത്തയിടെ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ നേതാവുമായ ചെറിയാന്‍ ഫിലിപ്പ്. ദുര്‍ബലാവസ്ഥയിലുള്ള കോണ്‍ഗ്രസിനെ ഉയര്‍ത്തിയെടുക്കുക എന്ന ശ്രമകരമായ വെല്ലുവിളിയാണ് മുന്നിലുള്ളത്. അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം സോണിയ ഗാന്ധിക്കോ രാഹുലിനോ ഇല്ലാത്തതിനാല്‍ പുതിയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ നെഹ്‌റു കുടുംബത്തിന്‍റെ റിമോട്ട് ഭരണത്തിലായിരിക്കുമെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഖാര്‍ഗെയുടെ മനസ് യൗവ്വനയുക്തം; തരൂരിനോട് നേതൃത്വം അനീതി കാണിച്ചിട്ടില്ല: ചെറിയാന്‍ ഫിലിപ്പ്
കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് 80 വയസായെങ്കിലും മനസ് ഇപ്പോഴും യൗവ്വനയുക്തമാണെന്നും ശശി തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം അനീതി കാട്ടിയിട്ടില്ലെന്നും വ്യക്തമാക്കി മുതിര്‍ന്ന നേതാവും രാഷ്‌ട്രീയ നിരീക്ഷകനുമായ ചെറിയാന്‍ ഫിലിപ്പ്
അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് നാമനിര്‍ദേശ പത്രിക നല്‍കാമായിരുന്നു. അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമായിരുന്നു. അദ്ദേഹം അതിനു തയ്യാറല്ലാത്തതു കൊണ്ടാണ് മത്സരം ഉണ്ടായത്. പരിണിത പ്രജ്ഞനായ ഖാര്‍ഗെക്ക് കോണ്‍ഗ്രസുമായി 60 വര്‍ഷത്തെ ബന്ധമുണ്ടെന്നും പല തവണ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അദ്ദേഹത്തിന് മാന്യതയുടെ മുഖവും അദ്ധ്വാനത്തിന്‍റെ മൂലധനവുമുണ്ട്. അദ്ദേഹത്തിന് 80 വയസായെങ്കിലും മനസ് ഇപ്പോഴും യൗവ്വനയുക്തമാണ്. കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്നത് ഓടിച്ചാടി നടക്കേണ്ട പദവിയൊന്നുമല്ലെന്നും കാര്യങ്ങള്‍ നോക്കാന്‍ യുവാക്കളുടെയും പരിണിത പ്രജ്ഞരുടെയും ഒരു വന്‍ നിര കോണ്‍ഗ്രസില്‍ വരാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഖാര്‍ഗെയുടെ പ്രായം ഒരു പ്രശ്‌നമേയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിന് ലോക വ്യാപക പ്രതിച്ഛായയും ചിന്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലൊക്കെ സ്ഥാനമുണ്ട്. അദ്ദേഹത്തിന്‍റെ ഈ പരിചയ സമ്പത്ത് കോണ്‍ഗ്രസ് കാണാതെ പോകില്ല. പിന്നെ തരൂരല്ല, മറ്റാരെങ്കിലും മത്സരിച്ചെങ്കിലും ഈ വോട്ട് ലഭിക്കില്ലെന്നു പറയാനാകില്ല. ശശിതരൂരിനെ മൂന്ന് പ്രാവശ്യം ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിപ്പിച്ചത് സോണിയാ ഗാന്ധിയാണ്. അദ്ദേഹത്തോട് കോണ്‍ഗ്രസ് നേതൃത്വം അനീതി കാട്ടിയിട്ടില്ലെന്നു മാത്രമല്ല നീതിയേ കാട്ടിയിട്ടുള്ളൂ. ശശി തരൂരിന് അടുത്തു നടക്കുന്ന വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കാം. അതിന് രാഹുല്‍ ഗാന്ധിയുടെയോ സോണിയാ ഗാന്ധിയുടെയോ ആവശ്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഇടിവി ഭാരതിനോടു പറഞ്ഞു.