തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ ചാണ്ടി ഉമ്മനാണ് എല്ലാവിധ അർഹതയുമുള്ളതെന്ന് ചെറിയാന്‍ ഫിലിപ്പ്. ജനിച്ച നാൾ മുതൽ രാഷ്‌ട്രീയ വായു ശ്വസിക്കുകയും കോൺഗ്രസിന്‍റെ സംസ്‌കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസിലാക്കുകയും ചെയ്‌ത ചാണ്ടി ഉമ്മൻ, ദേശീയ സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായത് സ്വന്തം അധ്വാനവും കഴിവും കൊണ്ടാണെന്നും ചെറിയാന്‍ ഫലിപ്പ് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിക്കുന്നു. വനിതകള്‍ക്ക് രാഷ്‌ട്രീയത്തില്‍ സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളായ മറിയയും അച്ചുവും രാഷ്‌ട്രീയത്തിലേക്ക് വന്നാല്‍ അവരെയും സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണ രൂപം :ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്പ്
ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാവിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്. ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്‍റെ സംസ്‌കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസിലാക്കുകയും ചെയ്‌ത ചാണ്ടി ഉമ്മൻ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്.
ഞാൻ കോൺഗ്രസിലേക്ക് മടങ്ങി വന്നയുടൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താൻ ആരോടും പറയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചർച്ചയിൽ പങ്കാളിയായി. ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന തന്‍റെ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.
ഉമ്മൻ ചാണ്ടിയുടെ അറിവുകൂടാതെ കെ സി വേണുഗോപാൽ മുൻകൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ഔട്ട് റീച്ച് വിഭാഗം ചെയർപേഴ്‌സൺ ആക്കുന്നത്. കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച.