തിരുവനന്തപുരം: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ സ്വകാര്യവല്‍കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും അംഗീകാരം പോലും തേടാതെയാണ് രാജ്യത്തിന്‍റെ അഭിമാന സംരംഭങ്ങളിലൊന്നായ ബിപിസിഎല്ലിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ആരോപിച്ചു.
ബിപിസിഎല്‍ സ്വകാര്യവല്‍കരണം; രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു - ramesh chennitala latest news
ബിപിസിഎല്‍ സ്വകാര്യവല്‍കരിക്കാനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നുവെന്നും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു
മുന്‍പ് 51 ശതമാനം ഓഹരികള്‍ കൈവശം വച്ച് ഉടമസ്ഥാവകാശം നിലനിര്‍ത്തിയാണ് പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റിരുന്നത്. എന്നാല്‍ ബിപിസിഎല്‍ അടക്കം അഞ്ച് കമ്പനികളുടെ ഓഹരികള്‍ പൂര്‍ണ്ണമായി വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു. രാജ്യത്തിന് ലാഭം നേടിത്തരുന്ന കമ്പനിയെ സ്വകാര്യ മേഖലയ്ക്ക് സമ്മാനിക്കാനുള്ള നീക്കം ഉത്കണ്‌ഠ ഉണ്ടാക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കൊച്ചിയിലെ ബിപിസിഎല്‍ റിഫൈനറിയില്‍ നടന്നു വരുന്നത്. പുതിയ നീക്കത്തോടെ അതെല്ലാം തകിടം മറിയും എന്ന ആശങ്കയുണ്ടെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.