ചെലവ് ചുരുക്കുന്നതിന് സർക്കാരിന് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ ഭരണ പരിഷ്‌കാര കമ്മീഷൻ പിരിച്ചു വിടുക, അധികമായി അനുവദിച്ച ക്യാബിനറ്റ് പദവികൾ ഒഴിവാക്കുക തുടങ്ങിയ 15 നിർദേശങ്ങളാണ് ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്നത്.
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ ചെലവ് ചുരുക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. ഭരണ പരിഷ്‌കാര കമ്മീഷൻ പിരിച്ചു വിടുക, അധികമായി അനുവദിച്ച ക്യാബിനറ്റ് പദവികൾ ഒഴിവാക്കുക തുടങ്ങി 15 നിർദേശങ്ങളാണ് രമേശ് ചെന്നിത്തല കത്തിൽ പരാമർശിച്ചിരിക്കുന്നത്. ഹെലികോപ്‌റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം പിൻവലിക്കാനും പുതിയ വാഹനങ്ങൾ വാങ്ങുന്നത് നിർത്താനും പ്രതിപക്ഷ നേതാവ് നിർദേശിക്കുന്നുണ്ട്. ഇതിന് പുറമെ, സർക്കാരും സർക്കാർ ഏജൻസികളും നൽകുന്ന എല്ലാ പുറം കരാറുകളും ഒഴിവാക്കുക, സർക്കാരിന്‍റെ ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കുക, കാലവധി കഴിഞ്ഞ എല്ലാ കമ്മീഷനുകളും പിരിച്ചു വിടുക തുടങ്ങിയവയാണ് ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്ന മറ്റ് നിർദേശങ്ങൾ.