തിരുവനന്തപുരം: പി ജെ ജോസഫിനെ പോലെയൊരു നേതാവിന് ആഗ്രഹിച്ചിട്ടും സീറ്റ് ലഭിച്ചില്ലെങ്കിൽ അതിനർത്ഥം പാർട്ടിയിൽ യാതൊരു വിലയുമില്ലെന്നാണ്, ഇത്തരമൊരു സാഹചര്യത്തിൽ നാണംകെട്ട് കെ എം മാണിയുടെ കൂടെ തുടരണമോയെന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജെ ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെക്കൂട്ടുന്ന കാര്യം പരിഗണിക്കും. മഴക്ക് മുമ്പേ കുടപിടിക്കേണ്ട ആവശ്യമില്ല, ആദ്യം ജോസഫ് താൽപ്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേർത്തു.
പിജെ ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെ ചേർക്കുന്ന കാര്യം പരിഗണിക്കും: കൊടിയേരി
മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ നിർണയിച്ചതെന്നും പി ജെ ജോസഫ് പ്രതികരിച്ചിരുന്നു.
ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചത്. ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് മാണി തീരുമാനമറിയിച്ചത്. എന്നാൽ മാണിയുടെ ഈ തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയും പ്രതികരിച്ചിരുന്നു. പി ജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർഥി തോമസ് ചാഴിക്കാടനും വ്യക്തമാക്കിയിരുന്നു.