കേരളം

kerala

ETV Bharat / state

കോടിയേരിയുടെ ആരോപണം തള്ളി ചെന്നിത്തല

ആര്‍.എസ്.എസിന്‍റെ ശിക്ഷക് ആയിരുന്ന എസ്.രാമചന്ദ്രന്‍പിള്ളയുടെ ശിക്ഷണത്തില്‍ വളര്‍ന്നതു കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറിയിടുന്നവരുമൊക്കെ ആര്‍.എസ്.എസ് കാരാണെന്ന് കോടിയേരിക്ക് തോന്നുന്നതെന്നും ചെന്നിത്തല

By

Published : Aug 10, 2020, 7:35 PM IST

തിരുവനന്തപുരം  രമേശ് ചെന്നിത്തല  ആര്‍.എസ്.എസ്  cpm  congress
കോടിയേരിയുടെ ആരോപണം തള്ളി ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷാ ചുമതല മുന്‍ ആര്‍.എസ്.എസ് നേതാവിനെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളി രമേശ് ചെന്നിത്തല. തന്‍റെ ഓഫീസില്‍ ഒരു മുന്‍ ആര്‍.എസ്.എസ് നേതാവും പ്രവര്‍ത്തിക്കുന്നില്ല. ചെറുപ്പം മുതലേ ആര്‍.എസ്.എസിന്‍റെ ശിക്ഷക് ആയിരുന്ന എസ്.രാമചന്ദ്രന്‍പിള്ളയുടെ ശിക്ഷണത്തില്‍ വളര്‍ന്നതു കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറിയിടുന്നവരുമൊക്കെ ആര്‍.എസ്.എസ് കാരാണെന്ന് കോടിയേരിക്ക് തോന്നുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്ന മുസ്ലീങ്ങളാണെങ്കില്‍ അവര്‍ എസ്.ഡി.പി.ഐക്കാരാണെന്ന് കോടിയേരിക്കു തോന്നും. സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറി ഇത്രയും വര്‍ഗീയ വാദിയാണെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

ആര്‍.എസ്.എസിലേക്കും എസ്.ഡി.പി.ഐയിലേക്കും ആളുകളെ റിക്രൂട്ട്‌ചെയ്യുന്ന ഏജന്‍റായി കോടിയേരി മാറി. കള്ളം പറയാനും വര്‍ഗീയത പറയാനുമാണ് ഇപ്പോള്‍ കോടിയേരി വാ തുറക്കുന്നത്. കണ്ണൂരില്‍ മനോജ് വധക്കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് താനല്ല, പൊലീസാണ്. സി.പി.എമ്മുകാരെ കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാര്‍ക്കെതിരെയും അന്ന് പൊലീസ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം എം.ജി കോളേജില്‍ അക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ കേസ് പിന്‍വലിച്ചത് താനാണെന്ന കോടിയേരിയുടെ ആരോപണവും അടിസ്ഥാന രഹിതമാണ്. അന്ന് താന്‍ ആഭ്യന്തരമന്ത്രിയായിരുന്നെങ്കിലും കേസ് പിന്‍വലിക്കാനുള്ള അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ജസ്റ്റീസ് അധികാരമില്ലായിരുന്നു.

പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കുമ്പോള്‍ താന്‍ ആഭ്യന്തര മന്ത്രിയായിരുന്നില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വീട്ടില്‍ ശത്രു സംഹാര പൂജ നടത്തിയ ആളാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശബരിമല മുന്‍ മേല്‍ ശാന്തിയാണ് ഇതൊക്കെ നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തിരക്കിയപ്പോള്‍ ശരിയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തന്നെ വ്യക്തിഹത്യ ചെയ്യാനാണ് കോടിയേരി ശ്രമിക്കുന്നത്്. എത്ര ശ്രമിച്ചാലും താന്‍ സര്‍ക്കാറിന്‍റെ തെറ്റുകള്‍ തുറന്നു കാട്ടുക തന്നെ ചെയ്യണമെന്നും ഇതിന് ആരുടെയും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details