തിരുവനന്തപുരം: ബ്രൂവറി ഡിസ്‌റ്റലറി അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മുൻ മന്ത്രി ടി.പി.രാമകൃഷ്‌ണനും എതിരെയുള്ള ഹർജിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി. ഇടത് സർക്കാർ ഡിസ്‌റ്റലലറികൾക്ക് ലൈസൻസ് നൽകിയത് സ്വജനപക്ഷപാതത്തോടെയും, നിയമവിരുദ്ധവുമായാണ് എന്നതാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇത്തരം അസാധരണ തീരുമാനം എക്‌സൈസ് മുൻ മന്ത്രി സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് മൊഴി നൽകി.
1999ലെ സർക്കാർ തീരുമാന പ്രകാരം സ്വകാര്യ മേഖലയ്ക്കോ, സർക്കാർ തലത്തിലോ പുതിയ ലൈസൻസുകൾ നൽകുകയില്ല. എന്നാൽ ഇത് നിലനിൽക്കെ തന്നെ രണ്ടാം പ്രതിയായ മുൻ മന്ത്രി ടിപി രാമകൃഷ്‌ണൻ മൂന്നാം പ്രതി എക്‌സൈസ് കമിഷണർ മുഖേന സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകി. എക്‌സൈസ് കമിഷണർ മുഖേന ലൈസൻസ് നൽകുന്ന കീഴ്‌വഴക്കങ്ങൾ കേരളത്തിൽ ഇല്ലന്നും ചെന്നിത്തല കോടതിയിൽ പറഞ്ഞു.
സ്വകാര്യ കമ്പനികൾ അപേക്ഷ നൽകിയത് വെള്ള പേപ്പറിൽ ആയിരുന്നു. ഇതും വിചിത്രമായ നടപടിയാണ്. ഒരു മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ ഭേദഗതി നടത്തണമെങ്കിൽ അതിന് അധികാരം മറ്റൊരു മന്ത്രിസഭയ്ക്ക് കഴിയുകയുള്ളു. ഇവിടെ അത്തരം നടപടിയും നടന്നിട്ടില്ലന്നും ചെന്നിത്തല മൊഴി നൽകി.
തൃശൂരിലുള്ള ശ്രീചക്ര എന്ന കമ്പനിക്ക് രജിസ്ട്രേഷൻ വിവരങ്ങളില്ല. ശ്രീ ധന്യ ബ്രൂവറിയുടെ ബോർഡ് പോലും സ്ഥലത്ത് ഇല്ല. പവർ ഇൻഫ്രാ എന്ന കമ്പനി സ്ഥലമായി കാണിച്ചിക്കുന്ന 10 ഏക്കർ സ്ഥലം കിൻഫ്രായുടേതാെണന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ കമ്പനിക്ക് ഭൂമി നൽകിയത് അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിഷേധിച്ചിരുന്നുവെങ്കിലും, സ്ഥലം തങ്ങളുടെതാണെന്ന് കിൻഫ്ര സ്ഥിരീകരിച്ചിരുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഈ പ്രദേശങ്ങളെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ അറിവോടു കൂടി നടത്തിയ അഴിമതി കോടതി നേരിട്ട് അന്വേഷിക്കണം എന്ന പറഞ്ഞ് രമേശ് ചെന്നിത്തല മൊഴി അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് മുൻ മന്ത്രി ടി.പി. രാമകൃഷ്‌ണൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, ബ്രൂവറി - ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി ജി.ഗോപകുമാറാണ് ഹർജി പരിഗണിച്ചത്. കേസ് അടുത്ത മാസം 7 ന് വീണ്ടും പരിഗണിക്കും. അന്ന് ഇ.പി. ജയരാജൻ, വി.എസ്. സുനിൽ കുമാർ എന്നി മുൻ മന്ത്രിമാരെ സാക്ഷികളെയും വിസ്‌തരിക്കും.