തിരുവനന്തപുരം:കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാലബോണ്ടിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്എന്‍സി ലാവ്ലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന കമ്പനിക്ക് 2150 കോടി രൂപയുടെ ബോണ്ട് വാങ്ങാൻ അവസരമൊരുക്കിയതിൽ വൻ അഴിമതിയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല. മസാല ബോണ്ടിനെക്കുറിച്ച് ധനമന്ത്രിയും സർക്കാരും ഇതുവരെ പറഞ്ഞത് പെരുംനുണകളാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കിഫ്ബി മസാലബോണ്ടിൽ വൻ അഴിമതി: ചെന്നിത്തല - masalabond
മസാല ബോണ്ടിനെക്കുറിച്ച് ധനമന്ത്രിയും സർക്കാരും ഇതുവരെ പറഞ്ഞത് പെരുംനുണകളാണെന്ന് ചെന്നിത്തല
കിഫ്ബിക്ക് പണസമഹരണത്തിനായി മസാല ബോണ്ടുകൾ പരസ്യമായി ലിസ്റ്റ് ചെയ്തുവെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇത് പച്ചകള്ളമാണെന്നും സിഡിപിക്യുവിന്‍റെ ആസ്ഥാനമായ കാനഡയിലെ ക്യൂബൻ പ്രവിശ്യയിൽ സ്വകാര്യമായി പ്ലേസ് ചെയ്തതിന് ശേഷമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ക്യൂബൻ പ്രവിശ്യയിൽ നിന്നുമാണ് സിഡിപിക്യു ബോണ്ടുകൾ വാങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.
മസാല ബോണ്ടിന്റെ യഥാർഥ ലക്ഷ്യം എന്തെന്ന് സർക്കാർ ഇനിയെങ്കിലും വ്യക്തമാക്കണം. സിഡിപിക്യുവിന് എസ്എൻസി ലാവലിനുമായി ഒരു ബന്ധവുമില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ സിഡിപിക്യു ഏറ്റെടുക്കുന്ന പദ്ധതികളുടെ ജോലികൾ ചെയ്യുന്നത് ലാവ്ലിൻ കമ്പനിയാണ്. ഗാഢമായ ബന്ധമാണ് സിഡിപിക്യുവിന് ലാവലിനുമായുള്ളത്. ലാവ്ലിന് കേരളത്തിൽ വീണ്ടും അഴിമതി നടത്താനുള്ള വാതിൽ സർക്കാർ തുറന്നു കൊടുക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.