തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പാളിച്ചകൾ ഉണ്ടായതായി തുറന്നു സമ്മതിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടന സംവിധാനത്തിലും ഏകോപനത്തിലും പാളിച്ചകൾ ഉണ്ടായി. മുൻ തെരഞ്ഞെടുപ്പുകളിൽ നടത്തിയ പ്രചരണ പ്രവർത്തനങ്ങൾ കൊവിഡിനെ തുടർന്ന് നടത്താൻ കഴിഞ്ഞില്ല. ഗൗരവം ഉൾക്കൊണ്ട് എല്ലാ പാളിച്ചകളും പരിശോധിച്ച് പരിഹരിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ഉടനെ ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യു ഡി എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല .
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പാളിച്ചകൾ ഉണ്ടായതായി രമേശ് ചെന്നിത്തല - തിരുവനന്തപുരം
സംഘടന സംവിധാനത്തിലും ഏകോപനത്തിലും പാളിച്ചകൾ ഉണ്ടായി. മുൻ തെരഞ്ഞെടുപ്പുകളിൽ നടത്തിയ പ്രചരണ പ്രവർത്തനങ്ങൾ കൊവിഡിനെ തുടർന്ന് നടത്താൻ കഴിഞ്ഞില്ല.

യു ഡി എഫിനെ അപ്രസക്തമാക്കി ബി ജെ പി യെ വളർത്താനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ വർഗീയ ചേരിതിരിവിന് മുഖ്യമന്ത്രി നേതൃത്വം നൽക്കുന്നു. ബി ജെ പി കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ തെളിഞ്ഞു. ലീഗ് കോൺഗ്രസിന്‍റെ കാര്യങ്ങളിൽ ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വർഗീയ ചേരിതിരിവിനുള്ള കാർഡ് ഇറക്കലാണ്. യുഡിഎഫിന്‍റെ കാര്യം ഞങ്ങൾ തീരുമാനിച്ചോളം മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടന്നും ചെന്നിത്തല പറഞ്ഞു.
യു ഡി എഫിന് ഒരാത്മവിശ്വാസക്കുറവും ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ പി സി സി പ്രസിഡന്‍റിനെ നീക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് നിലവാരം കുറഞ്ഞത് . സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ മുഖ്യമന്ത്രി ഭാവനയിൽ നിന്നും ഓരോ കാര്യങ്ങളും സൃഷ്ടിക്കുന്നു. ഞങ്ങളും ബി ജെ പിയും മാത്രമെ ഇനിയുള്ളു എന്ന് ധരിച്ച് വല്ലതും പറഞ്ഞാൽ മുഖ്യമന്ത്രിയുടെ കണക്ക് തെറ്റുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.