തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം. മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം. അത് ഏതു വിധേനയും സാധ്യമാക്കുമെന്നും ലഹരി വിരുദ്ധ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ ഏജന്‍റുമാര്‍ ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തു നിൽക്കുന്ന ഭൂതങ്ങളാണ്. ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ചോക്ക്ലെയ്‌റ്റ് നൽകുന്നു.
എന്തും ചെയ്യുന്ന ഉന്മാദ അവസ്ഥയിലേക്ക് എത്തുന്നു. മുതിർന്നവർക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്. കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം. കുട്ടികളെ കാരിയര്‍മാര്‍ ആക്കുന്നതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്‌ട്ര മാഫിയകളാണ്. സർക്കാർ ലഹരി വിരുദ്ധ കാമ്പയിന് നൽകുന്നത് വലിയ പ്രാധാന്യമാണ്.
മയക്കുമരുന്നിന് പൂർണമായി അടിപ്പെട്ടവർക്ക് അതിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെ പോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണ് വ്യക്തികളെ പലപ്പോഴും അത് നയിക്കുന്നത്. അത്തരം വ്യക്തികൾ സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത്, കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങൾ ചേരണം. ലഹരി ഉപയോഗമോ, വിതരണമോ ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച കൃത്യവും വിശദവുമായ നിർദേശങ്ങൾ നൽകണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ കൈമാറണം. ചർച്ചയ്ക്കു സഹായകമാകുന്ന കുറിപ്പ് വിമുക്തി മിഷൻ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരുമാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ലഹരി വിരുദ്ധ പ്രചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്‍പതിന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ലഹരി വിരുദ്ധ സഭ നടത്തും. ഒക്‌ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. ഒക്‌ടോബര്‍ 16ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസുകള്‍ നടത്തും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖലയും സംഘടിപ്പിക്കമെന്നും മുഖ്യമന്ത്രി അറിയിച്ചു.