തിരുവനന്തപുരം : വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്ന്(ഒക്‌ടോബര്‍ 15) പുലർച്ചെ 3.45നാണ് മുഖ്യമന്ത്രി കുടുംബ സമേതം ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സന്ദർശനത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇവരെല്ലാം നേരത്തെ തിരിച്ചെത്തിയിരുന്നു.
വിദേശ സന്ദർശനം പൂർത്തിയാക്കി മടങ്ങി മുഖ്യമന്ത്രി ; അവസാനിക്കാതെ വിവാദങ്ങള്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(ഒക്‌ടോബര്‍ 15) പുലർച്ചെ 3.45ന് തിരിച്ചെത്തി

യുഎഇ സന്ദർശനം കൂടി നടത്തിയ ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്.
അതിനിടെ ദുബായ് യാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി തേടിയിട്ടില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തുകയും ചെയ്‌തു. പര്യടനത്തിനിടെയുണ്ടായ നേട്ടങ്ങൾ സംബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ യുകെയുമായി കേരളം കരാർ ഒപ്പിട്ടുവെന്ന് വിശദീകരിച്ചിരുന്നു. ഇതിന്‍റെ സാധുതയടക്കം നിരവധി വിവാദങ്ങൾ ഈ സന്ദർശനം സംബന്ധിച്ച് ഉയരുന്നുണ്ട്. യാത്രയുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്.