തിരുവനന്തപുരം: ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്‌ദാനം നല്‍കി ശ്രീകാര്യം സ്വദേശിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്‌റ്റില്‍. വെള്ളായണി പാലപ്പൂര് സ്വദേശി ഷിബിന്‍ രാജ് (34) ആണ് ശ്രീകാര്യം പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്നു പിടിയിലായ പ്രതി.
ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്‌ദാനം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റില്‍ ശ്രീകാര്യം സ്വദേശി ശ്രീകണ്‌ഠന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. പലപ്പോഴായാണ് പ്രതി യുവാവില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ പരിചയം വെച്ച് പലരില്‍ നിന്നും ഇയാള്‍ പണം സ്വീകരിച്ചതിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌താണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി വ്യാജ ഐഡി കാര്‍ഡുകളും ഷിബിന്‍ രാജ് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഷിബിന്‍ രാജ് അറസ്‌റ്റിലായ വിവരം അറിഞ്ഞ് പണം നഷ്‌ടപ്പെട്ട നിരവധി പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഷിബിന്‍രാജിനെതിരെ തിരുവല്ലം സ്‌റ്റേഷനിലും സമാന കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്‌റ്റഡിയില്‍ വാങ്ങുമന്ന് അന്വേഷണസംഘം വ്യക്തമാക്കി.