തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ വാഹന ഉടമകള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്. ഇനി വാഹനങ്ങളുടെ യഥാര്‍ത്ഥ രേഖകള്‍ അതേപടി വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. എല്ലാ രേഖകളും ഡിജിറ്റലായി ഡ്രൈവിംഗ് ലൈസന്‍സും സര്‍ക്കാരിന്‍റെ ഡിജി ലോക്കറിലോ എം പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന സര്‍ക്കാരിന്‍റെ വാഹന പോര്‍ട്ടലിലോ സൂക്ഷിക്കാം.
വാഹന നിയമത്തിലെ മാറ്റങ്ങള്‍; ഉടമകള്‍ക്ക് ആശങ്ക വേണ്ടെന്ന് ജോ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് - വാഹന ഉടമകള്‍ക്ക് ആശങ്ക വേണ്ടെന്ന് ജോ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍
എല്ലാ രേഖകളും ഡിജിറ്റലായി ഡ്രൈവിംഗ് ലൈസന്‍സും സര്‍ക്കാരിന്‍റെ ഡിജി ലോക്കറിലോ എം പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന സര്‍ക്കാരിന്‍റെ വാഹന പോര്‍ട്ടലിലോ സൂക്ഷിക്കാം
പരിശോധനാ സമയത്ത് ഈ രേഖകള്‍ കാണിച്ചാല്‍ മതി. ഒറിജിനല്‍ രേഖകള്‍ കൈവശം വയ്‌ക്കേണ്ടതില്ല. പിഴ ഓണ്‍ലൈനായി അടയ്ക്കാം. വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള രൂപമാറ്റം പാടില്ലെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണ്. അനുവദനീയമായ അളവില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് തടസമില്ല.
വാഹനങ്ങളില്‍ സ്റ്റിക്കറുകളൊന്നും പതിക്കാന്‍ പാടില്ലെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. എന്നാല്‍ മറ്റ് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങളോ സ്റ്റിക്കറുകളോ പതിക്കുന്നതിനേ തടസമുള്ളൂ. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് വാഹനത്തിന്‍റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിലും വാഹന ഉടമകള്‍ വീഴരുത്. അപകടം കുറയ്ക്കുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കുന്നുവെന്നേയുള്ളൂവെന്നും അതെല്ലാം ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രാജീവ് പുത്തലത്ത് പറഞ്ഞു.