തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനെ തുടർന്ന് ലോക്ക്ഡൗൺ മാർഗരേഖയിൽ മാറ്റം. ലോക്ക്ഡൗൺ ലഘൂകരിച്ച് ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ൽ താഴെയാണ്. അഞ്ച് ജില്ലകളിൽ ഇത് 10 ൽ താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നാലായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ. ടിപിആർ ഉയർന്ന പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20ന് മുകളിൽ ആണെങ്കിൽ ലോക്ക്ഡൗണും എട്ടിനും 20നും ഇടയിലാണെങ്കിൽ ഭാഗീക നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ടിപിആർ എട്ടിൽ താഴെയുള്ള പ്രദേശങ്ങളിൽ മിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
30 ശതമാനത്തിന് മുകളിൽ ടിപിആറുള്ള 25 തദ്ദേശഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. 20നും 30നും ഇടയിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ എണ്ണം 146 ആണ്. എട്ടിനും 20നും ഇടയിൽ ടിപിആറുള്ള 716 തദ്ദേശ സ്ഥാപനങ്ങളും എട്ട് ശതമാനത്തിൽ താഴെയുള്ള 147 തദ്ദേശ സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുള്ളത്.
Also Read:ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം