എകെ ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച ഒഴിവിൽ പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ചാണ്ടി ഉമ്മൻ തിങ്കളാഴ്‌ച (2023 സെപ്‌റ്റംബർ 11) രാവിലെ 10ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. സ്‌പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
തെരഞ്ഞെടുപ്പ് കമ്മിഷൻ പൊടുന്നനെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് ഏഴിന് ആരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം 10 ന് അവസാനിപ്പിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിനു ശേഷം സെപ്‌റ്റംബർ 11ന് സഭാ സമ്മേളനം പുനരാരംഭിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് തിങ്കളാഴ്‌ച ഒമ്പത് മണിക്ക് ചോദ്യോത്തര വേളയോടെ പുനരാരംഭിക്കുന്ന സമ്മേളനത്തിൽ ചോദ്യോത്തരവേള അവസാനിച്ചാലുടൻ സത്യപ്രതിജ്ഞ നടക്കും.
രാവിലെ 10ന് ശൂന്യവേള ആരംഭിക്കും മുൻപാണ് സത്യപ്രതിജ്ഞ. ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു ശേഷം ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. തിങ്കളാഴ്‌ച രാവിലെ ഉമ്മൻ ചാണ്ടിയുടെ തലസ്ഥാനത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്ക് പുറപ്പെടുക. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർക്കൊപ്പമാകും ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിച്ചേരുക.
എകെ ആന്‍റണിയെ കണ്ട് അനുഗ്രഹം വാങ്ങി ചാണ്ടി ഉമ്മന്‍: സത്യപ്രതിജ്ഞയ്ക്ക് മുൻപ് എ കെ ആന്‍റണിയെ വീട്ടിലെത്തി കണ്ട് ചാണ്ടി ഉമ്മൻ അനുഗ്രഹം വാങ്ങി. എല്ലാ വിഭാഗം ജനങ്ങളും ചാണ്ടിക്ക് വോട്ട് ചെയ്‌തുവെന്ന് എ.കെ.ആന്‍റണി ചാണ്ടി ഉമ്മനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എന്‍റെ കൂടെ നിയമസഭയിൽ വന്ന ഉമ്മൻ ചാണ്ടി ഇന്നില്ല. പിൻഗാമി ചാണ്ടി ഉമ്മനാണ്. അതിൽ സന്തോഷമുണ്ട്.
ഭൂരിപക്ഷം ഇനിയും കൂടാനുള്ള സാധ്യത ഉണ്ടായിരുന്നു, എന്നാൽ മറ്റു പ്രത്യേകതകൾ കാരണം കുറഞ്ഞതാണ്. അധികം ഉപദേശം നൽകുന്നില്ല. അധികം ഉപദേശം നൽകുന്നത് നല്ലതുമല്ല. തലമുറ മാറി വരികയാണ്. അവർക്ക് അവരുടെ ശൈലി കാണും. അവരുടെ രീതികളാണ്. അതുകൊണ്ടുതന്നെ അധികം ഉപദേശം വേണ്ട. അല്ലാതെ തന്നെ ചാണ്ടി ശരിയാകുമെന്നും എ കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എന്‍റെ പിതാവിന് നൽകിയ പിന്തുണ എനിക്കും അദ്ദേഹം തന്നുവെന്ന് എകെ ആന്‍റണിയെ കുറിച്ച് ചാണ്ടി ഉമ്മന്‍ മനസുതുറന്നു. അദ്ദേഹം പറയുന്ന ഓരോ വാക്കും ഞങ്ങൾക്ക് അത്രയും വിലയേറിയതാണ്. ഞങ്ങളുടെ കുടുംബത്തിന്‍റെ ഏറ്റവും വലിയ സുഹൃത്തും ബന്ധുവുമാണ് അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും അനുഗ്രഹവും തേടാനാണ് എത്തിയത്.
അപ്പയുടെ അസുഖം മുതൽ മരണവുമായി ബന്ധപ്പെട്ട് വരെ അദ്ദേഹം നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിനോടും അദ്ദേഹത്തിന്‍റെ കുടുംബത്തിനോടും ഞങ്ങളും കടപ്പെട്ടിരിക്കുന്നു. നാളത്തെ സത്യപ്രതിജ്ഞയ്ക്കു മുൻപ് അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടാനും ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹവും അനുഗ്രഹവും ലഭിച്ചതിലൂടെ വലിയ സന്തോഷമുണ്ടെന്നും ചാണ്ടി ഉമ്മൻ കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.