കേരളം

kerala

ETV Bharat / state

'സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനെതിരെയുള്ള സി.ദിവാകരന്‍റെ ആക്ഷേപം ഗൗരവമേറിയത്'; അന്വേഷണം സ്വാഗതം ചെയ്‌ത് ചാണ്ടി ഉമ്മന്‍ - മുന്‍ മുഖ്യമന്ത്രി

അസുഖബാധിതനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രതികരിക്കാനും ചാണ്ടി ഉമ്മന്‍ മറന്നില്ല

Chandy Oommen  Chandy Oommen reply on Solar Case investigation  Solar Case investigation  Solar Case  Congress leader  Former Chief Minister  Oommen Chandy  CPI Leader C Divakaran  CPI  സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനെതിരെ  സോളാര്‍ കേസ്  സോളാര്‍  അന്വേഷണ കമ്മീഷനെതിരെ  അന്വേഷണം സ്വാഗതം ചെയ്‌ത് ചാണ്ടി ഉമ്മന്‍  അന്വേഷണം  ചാണ്ടി ഉമ്മന്‍  ഉമ്മന്‍ ചാണ്ടി  മുന്‍ മുഖ്യമന്ത്രി  ജുഡീഷ്യൻ അന്വേഷണം
'സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനെതിരെയുള്ള സി.ദിവാകരന്‍റെ ആക്ഷേപം ഗൗരവമേറിയത്'; അന്വേഷണം സ്വാഗതം ചെയ്‌ത് ചാണ്ടി ഉമ്മന്‍

By

Published : Jun 5, 2023, 10:30 PM IST

ചാണ്ടി ഉമ്മന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് എതിരെ സിപിഐ നേതാവ് സി.ദിവാകരൻ ഉന്നയിച്ച ആക്ഷേപം വളരെ ഗൗരവമേറിയതാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. സത്യം കണ്ടുപിടിക്കുവാൻ വേണ്ടി, സത്യം തെളിയിക്കാൻ വേണ്ടി കേരളത്തിലെ സർക്കാർ നിയോഗിച്ചതാണ് സോളാർ കമ്മീഷൻ. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനായിരുന്നു കമ്മീഷനെ നിയോഗിച്ചിരുന്നതെന്നും എന്നാൽ അതിനെപ്പറ്റി ഒന്നും പറയാതെ സി.ദിവാകരൻ മറ്റെന്തൊക്കെയോ ആക്ഷേപങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഇതിനുശേഷമായിരുന്നു സിബിഐയുടെ അന്വേഷണം. ഈ അന്വേഷണത്തിലും ഒന്നും കണ്ടുപിടിക്കാനായില്ല. ഈ സാഹചര്യത്തിൽ സത്യം കണ്ടുപിടിക്കാൻ നിയോഗിച്ച കമ്മീഷൻ അത് ചെയ്തില്ല എന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. അദ്ദേഹം അത് പത്രമാധ്യമങ്ങള്‍ വഴിയാണ് ആദ്യം പറഞ്ഞത്. യഥാർഥ സത്യം ഇപ്പോഴും പുറത്തുവന്നിട്ടില്ല. സത്യം പുറത്തുവരണം എന്നുള്ളത് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അന്വേഷണത്തെ സ്വാഗതം ചെയ്‌ത്:പത്തുവർഷങ്ങൾക്ക് ഇപ്പുറമാണ് ചില സത്യങ്ങൾ പുറത്തുവരുന്നത്. ഇതിനെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാവണം. മറ്റൊരു രാഷ്ട്രീയ നേതാവിനോ അവരുടെ കുടുംബാംഗങ്ങൾക്കോ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകാൻ പാടില്ല. ഒരു പാർട്ടിയെയോ ഒരു വ്യക്തിയെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാൽ ജനങ്ങൾ ഇതിലെ സത്യം തിരിച്ചറിയണം ഇതിനായാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും വീണ്ടും അന്വേഷിക്കണം. അതിനകത്ത് ആർക്കും ഒരു പേടിയുമില്ല. എല്ലാം അന്വേഷിക്കണം. കമ്മീഷന്‍റെ പ്രവർത്തനവും അന്വേഷിക്കാം. കമ്മീഷന്‍റെ പ്രവർത്തനത്തിൽ ചില പ്രശ്‌നങ്ങളുണ്ട് എന്നുള്ള ആക്ഷേപമാണ് സിപിഐ നേതാവ് സി.ദിവാകരൻ ഉന്നയിച്ചിട്ടുള്ളത്. ആരെയും സഹായിക്കാൻ വേണ്ടിയല്ല ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മറ്റൊരു മുഖ്യമന്ത്രിക്കോ രാഷ്ട്രീയ നേതാവിനോ ഈ ഗതി വരാതിരിക്കാൻ വേണ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

കമ്മീഷനെക്കുറിച്ച് ഒരു ആക്ഷേപം വരുമ്പോൾ സത്യം തെളിയണം. ഈ കമ്മീഷനെ ഏൽപ്പിച്ച ദൗത്യത്തിൽ നിന്ന് മാറി എന്ത് ചെയ്‌തു എന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാം അന്വേഷിക്കേണ്ടതാണ്. പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കാൻ ബാധ്യതപ്പെട്ട ഒരു പ്രവർത്തകൻ എന്ന നിലയിൽ ഏത് തീരുമാനവും അംഗീകരിക്കാൻ താൻ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പില്‍ മനസുതുറന്ന്:ഓരോരുത്തർക്കും മത്സരിക്കാനുള്ള സാഹചര്യം പാർട്ടിക്കകത്തുണ്ട്. അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. കോൺഗ്രസിനകത്ത് മറ്റു വിഭാഗങ്ങളില്ല. കോൺഗ്രസും യൂത്ത് കോൺഗ്രസും ഒറ്റക്കെട്ടാണ്. എന്നാൽ അതിനകത്ത് മത്സരിക്കാൻ താത്‌പര്യമുള്ളവരുണ്ടാകും. അവർക്ക് മത്സരിക്കാം. എന്നാൽ അതിനായി ഒരു പ്രത്യേക ഭാഗം പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്നില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിൽ പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുമിച്ച് നിൽക്കാനാണ് തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച്:നിലവിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വളരെ മെച്ചപ്പെട്ട നിലയിലാണ്. അദ്ദേഹം വിശ്രമത്തിൽ തുടരുകയാണ്. നിലവിൽ ബെംഗളൂരുവിൽ ഒരു വീട്ടിലാണ് അദ്ദേഹമുള്ളത്. നാലാഴ്‌ചയായി അദ്ദേഹം വീട്ടിൽ തന്നെ തുടരുകയാണ്. വൈറൽ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും അസുഖത്തെ തുടർന്ന് ഒരാഴ്‌ചക്കാലം അദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

തുടര്‍ന്ന് വീട്ടിലെത്തി. ഇപ്പോൾ ആളുകളെ അദ്ദേഹം കാണുന്നത് കുറവാണ്. അദ്ദേഹം വളരെ ആക്റ്റീവായി തന്നെ തുടരുകയാണ് ഇപ്പോൾ. സി.ദിവാകരന്‍റെ ആക്ഷേപത്തെ കുറിച്ചുള്ള വാർത്ത അദ്ദേഹം വളരെയധികം ശ്രദ്ധിക്കുകയും ഞങ്ങൾക്ക് കാണിച്ചുതരികയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details