തിരുവനന്തപുരം :നിയമസഭയിലെ അനുസ്‌മരണയോഗത്തിന് സാക്ഷിയായി ഉമ്മൻ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും. സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ക്ഷണപ്രകാരമാണ് ഇരുവരും നിയമസഭയിലെത്തിയത്. കഴിഞ്ഞ ദിവസം പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമാണ് ഷംസീർ കുടുംബാംഗങ്ങളെ നിയമസഭയിലേക്ക് ക്ഷണിച്ചത്.
അരനൂറ്റാണ്ടിനുശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വക്കം പുരുഷോത്തമനും ചരമോപചാരമർപ്പിച്ച് സഭ പിരിയും.
അതേസമയം, നിയമസഭ സമ്മേളനം 24 വരെ നീളും. കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നിവയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ പരിഗണിക്കുന്നത്.
കേരള ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്‌ചര്‍ ബില്‍, കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ എന്നീ സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലുകളും പരിഗണിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അത്രിക്രമം തടയുന്നതിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ, കേരള നികുതി ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ എന്നിവയും നിയമസഭ സമ്മേളനത്തിൽ പരിഗണിക്കുമെന്ന് സ്‌പീക്കർ അറിയിച്ചിരുന്നു.