ചന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് തത്സമയ സംപ്രേഷണം തിരുവനന്തപുരം : ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ഖ്യാതിക്ക് തൊട്ടരികെ എത്തിനിൽക്കുകയാണ് രാജ്യം (Chandrayaan 3 soft landing). ചാന്ദ്ര ദൗത്യം പൊതുജനങ്ങൾക്ക് കൺനിറയെ കാണാൻ അവസരം ഒരുക്കുകയാണ് പ്ലാനറ്റേറിയം. ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ് പൊതുജനങ്ങൾക്ക് ലൈവായി കാണാനുള്ള അവസരമാണ് പ്ലാനറ്റേറിയത്തിൽ സജ്ജമാക്കുന്നത് )Chandrayaan 3 soft landing live telecast at Priyadarshini planetarium).
പിഎംജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിനുള്ളിലാണ് ചന്ദ്രയാൻ 3ൻ്റെ സോഫ്റ്റ് ലാൻഡിങ് തത്സമയം കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ആയിരത്തോളം പേർക്ക് തത്സമയ സംപ്രേഷണം കാണാം. വൈകിട്ട് 5 മണി മുതലാണ് തത്സമയ സംപ്രേഷണം. ഇതിനായി വലിയ എൽഇഡി സ്ക്രീന്‍ സജ്ജമാക്കിയിട്ടുണ്ട്.
തലസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളും പൊതുജനങ്ങളും സോഫ്റ്റ് ലാൻഡിങ് തത്സമയം കാണാനെത്തും. മന്ത്രി ആര്‍ ബിന്ദുവും പരിപാടിയിൽ പങ്കെടുക്കും. പ്ലാനറ്റേറിയത്തിലെ വലിയ ഗ്ലോബിന് മുന്നിലായി ചന്ദ്രൻ്റെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സെൽഫിയെടുക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 6.04ന് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ (ISRO) അധികൃതർ അറിയിച്ചിരിക്കുന്നത്. 5.20 മുതൽ ഐഎസ്ആർഒ തത്സമയ സംപ്രേഷണം ആരംഭിക്കും. പ്ലാനറ്റേറിയത്തിന് പുറമേ സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് തത്സമയം സംപ്രേഷണം നടത്താനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ജൂലൈ 14 നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. മറ്റ് ലോകരാജ്യങ്ങൾ ഇതുവരെ ശ്രമിക്കാത്ത സങ്കീർണമായ ദൗത്യമാണ് ഇന്ത്യ ഇന്ന് പ്രാവർത്തികമാക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഐഎസ്ആർഒ അധികൃതര്‍ പ്രതീക്ഷിക്കുന്നില്ല.