തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനുള്ള സൂചന നൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. തന്നെക്കൂടി ബാധിക്കുന്ന ബില്ലിൽ അതിവേഗം തീരുമാനം ഇല്ലെന്നായിരുന്നു ഗവർണറുടെ നേരത്തെയുള്ള നിലപാട്. ഇതിന് പുറമെ വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ല എന്നുമാണ് ഗവർണരുടെ നിലപാട്.
നിയമസഭ സമ്മേളനത്തിൽ നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിനന്‍റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലായെന്നും സൂചിപ്പിച്ചു. ഇന്നലെ ചാൻസലർ ബില്‍ ഒഴികെ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. എന്നാൽ ചാൻസലർ ബില്ലിലും നേരത്തെ അയച്ച ലോകായുക്ത ബില്ലിലും ഗവർണർ തീരുമാനം നീട്ടുകയാണ്.
ചാൻസലർ ബിൽ നിയമോപദേശത്തിനു ശേഷം രാഷ്‌ട്രപതിക്ക് അയക്കാനാണ് സാധ്യത. ഗവർണറും സർക്കാരും തമ്മില്‍ ഉണ്ടായിരുന്ന പോരില്‍ താത്‌കാലിക ശമനം വന്നപ്പോഴാണ് ഗവർണറുടെ പ്രതികരണം. ഇനി സർക്കാരും ഗവർണരും തമ്മിൽ ഉണ്ടായ താത്‌കാലിക സമവായ ഭാവി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ചാൻസലർ ബില്ലിന്മേൽ ഗവർണർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടന വിദഗ്‌ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിലെ തീരുമാനത്തിന് ഉടനെയൊന്നും സാധ്യതയില്ല. വിസി നിർണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്.
ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവർണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം ഈ മാസം 23ന് തുടങ്ങും. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതാണ് താത്‌കാലിക സമവായത്തിൽ കാരണമായത്.