തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയിൽ. പെരിങ്ങമല സ്വദേശികളായ അനു എന്ന സുമേഷ് (20), അൻസിൽ (21), രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. മാലപൊട്ടിക്കൽ കേസില്‍പ്പെട്ട ഇവരെക്കുറിച്ചുള്ള വിവരം കൈമാറിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മലമ്പറക്കോണത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം പ്രതികള്‍, കടയുടമയായ സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ചുകടന്നതാണ് സംഭവം. പ്രതികളിലൊരാളുടെ മോട്ടോര്‍ ബൈക്കിലാണ് മൂന്നുപേരും കൃത്യം നിര്‍വഹിക്കാന്‍ എത്തിയത്. നാലാം പ്രതി പെരിങ്ങമല സ്വദേശി റിയാസിന്‍റെ (26) സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ സ്വര്‍ണം വിറ്റു.
പ്രതികള്‍ പിടിയിലായത് കൊട്ടിയത്തുവച്ച്
കൃത്യത്തിനുശേഷം, ആഡംബര വാഹനങ്ങൾ വാടകക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു പ്രതികള്‍. വെളുത്ത ഇന്നോവ കാറിൽ പ്രതികൾ സഞ്ചരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് പാലോട് എസ്.ഐ നിസാറുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്നു. ഇതിനിടെ പെരിങ്ങമലയിൽവച്ച് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് എസ്.ഐയ്ക്ക് പരിക്കേറ്റു. തുടർന്ന്, സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇവരെ കൊല്ലം ജില്ലയില്‍വച്ച് കൊട്ടിയം പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ പാലോട് സി.ഐയും സംഘവും പിടികൂടുകയായിരുന്നു.
പ്രതികള്‍ മോഷ്‌ടിച്ച മുതലും കൃത്യത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി. പ്രതികൾ നെടുമങ്ങാട്, പാലോട്, വെഞ്ഞാറമ്മൂട്, പൊലീസ് സ്റ്റേഷനുകളില്‍ വിവിധ മാല പൊട്ടിക്കൽ കേസുകളിലെ പ്രതികളാണ്. ഈ കേസില്‍പ്പെട്ട് ഒളിവില്‍ കഴിയുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നും ഇവര്‍ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന പ്രതികള്‍ ഈ ബുള്ളറ്റ് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ALSO READ:40 ലക്ഷത്തിന്‍റെ കറുപ്പുമായി യുവാവ് പിടിയിൽ