തിരുവനന്തപുരം:കനകക്കുന്നിൽ നടന്ന കേരളീയം പരിപാടിയിൽ ഗോത്ര വിഭാഗങ്ങളെ പ്രദർശന വസ്‌തുവാക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാം രാജിന്‍റെ പരാതിയിലാണ് കമ്മിഷന്‍ ഇടപെടൽ. വിഷയത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരോട് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ ആവശ്യപ്പെട്ടു.
സമയപരിതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും നോട്ടിസിൽ പറയുന്നു. നവംബർ എട്ടിനാണ് ഇത് സംബന്ധിച്ച് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ നോട്ടിസ് ഇറക്കിയത്. കേരളീയം പരിപാടിയിൽ ആദിവാസികളെ ഷോക്കേസ് ചെയ്‌തു എന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആദിവാസികളെ പ്രദർശന വസ്‌തുക്കളാക്കി എന്ന നിലയിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടോടി ഗോത്ര കലാകാരന്മാർക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം.
പന്തക്കാളി, കളവും പുള്ളുവൻ പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങൾക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. കേരളീയത്തിന്‍റെ ഭാഗമായി പരമ്പരാഗത ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരു സംഘം കലാകാരന്മാർക്ക് അവരുടെ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് ഫോക്‌ലോർ അക്കാദമി അവസരം ഒരുക്കുകയാണ് ചെയ്‌തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.