തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് നിരക്കാത്ത കാര്യങ്ങൾ നടക്കുന്നുണ്ടെന്നും ഐആർ ബറ്റാലിയനിലെ പ്രത്യേക പരിശീലനം നേടിയ സ്കോർപിയോൺ വിഭാഗത്തെ ജയിലുകളുടെ പുറത്തെ സുരക്ഷയ്ക്ക് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുന്നത്.
ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി - kc joseph
തടവുകാരുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ജയിലുകളിൽ സുരക്ഷ ശക്തമാക്കുന്നത്.
പ്രതിപക്ഷത്ത് നിന്ന് കെസി ജോസഫ് അവതരിപ്പിച്ച സബ്മിഷന് മറുപടി പറയവെയാണ് ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് നിരക്കാത്ത കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. ജയിൽ ഡിജിപിയോട് മിന്നൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിന് വരുന്നവർ തടവുകാർക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും ആയുധങ്ങളും എത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ജയിലുകളുടെ പുറത്തെ സുരക്ഷയ്ക്ക് ഇന്ത്യ റിസർവ് ബറ്റാലിയനിലെ സ്കോർപിയോൺ വിഭാഗത്തെ നിയോഗിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗം തടയാൻ ജാമറുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ സിപിഎം അനുഭാവികളായ തടവുകാർ സ്വൈരവിഹാരം നടത്തുകയാണെന്ന് ഇതു സംബന്ധിച്ച സബ്മിഷൻ അവതരിപ്പിച്ച കെസി ജോസഫ് ആരോപിച്ചു.