തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണകടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ? ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം നൽകിയിരുന്നില്ലേ? സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിങ്ങളുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സര്‍ക്കാരില്‍ ഉന്നതപദവി നല്‍കിയില്ലേ? നിങ്ങളും പ്രിന്‍സിപ്പള്‍ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവില്‍ ഈ പ്രതിയായ സ്ത്രീയെ വിദേശത്ത് കൊണ്ടു പോയില്ലേ? ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിത്യസന്ദര്‍ശകയല്ലേ? വിമാനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലേ? ഈ വിഷയത്തില്‍ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം പുറത്തു വന്നില്ലേ? സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങള്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് അമിത്ഷാ - മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് അമിത്ഷാ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളത്തിൽ സംസാരിക്കവെയാണ് അമിത്ഷാ വിമർശനങ്ങൾ ഉയർത്തിയത്
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒരുമിച്ചാണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമായിരിക്കും. ശബരിമല പ്രക്ഷോഭ കാലത്ത് കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ് ചെയതത്. ഒരു കാലത്ത് വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നിന്ന കേരളത്തെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് നശിപ്പിച്ചു. അഴിമതിയുടെ കാര്യത്തില്‍ ആരോഗ്യകരമായ ബന്ധമാണ് ഇരു മുന്നണികളും പുലര്‍ത്തുന്നത്. യുഡിഎഫ് വന്നാല്‍ സോളാര്‍ തട്ടിപ്പും, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണ്. ദേശീയ പാതാ വികസനം, വൈദ്യുതി ഗ്രിഡ്, കൊച്ചി മെട്രോ, അമൃത് പദ്ധതി, കൊച്ചി പെട്രോ കെമിക്കല്‍സ് തുടങ്ങി കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ അമിത്ഷാ വിവിധ പദ്ധതികളിലൂടെ 1.56 ലക്ഷം കോടി കേരളത്തിന്‍റെ വികസനത്തിനായി കേന്ദ്രം അനുവദിച്ചെന്നും അവകാശപ്പെട്ടു. പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിനായി എന്തു ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി പറയണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.