തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍, ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള കാര്യങ്ങളിലടക്കം ഇന്ന് ചേരുന്ന എല്‍ ഡി എഫ് യോഗം തീരുമാനമെടുക്കും(LDF meet Today). രാവിലെ 10 മണിക്ക് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വിഷയവും ചര്‍ച്ചയായേക്കും(Central Govt negligence).
കേന്ദ്രത്തിന്‍റെ സാമ്പത്തിക അവഗണനയില്‍ പ്രതിഷേധം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാനായി കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്‍റെ പിന്തുണയും സര്‍ക്കാര്‍ തേടിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പിന്തുണ ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല. യു ഡി എഫില്‍ ചര്‍ച്ച ചെയ്ത ശേഷമാകും പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാവുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നയപരമായ തീരുമാനങ്ങളും ഇന്നത്തെ എല്‍ ഡി എഫ് യോഗം വിലയിരുത്താന്‍ സാധ്യതയുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി തുടര്‍ച്ചയായി സംസ്ഥാനത്ത് രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി എത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നതും ഭരണ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്നതായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഇതിന് പ്രതിരോധം തീര്‍ക്കാനുള്ള നീക്കങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.