തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും ഒഴിവാക്കിയതായാണ് വിവരം. മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാകും ബിസിനസ് മീറ്റില്‍ പങ്കെടുക്കുക.
എന്നാൽ ആരൊക്കെയാകും പങ്കെടുക്കുക എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മുൻനിശ്ചയിച്ച പ്രകാരം മെയ് ഏഴിന് യുഎഇയില്‍ എത്താനിരുന്ന മുഖ്യമന്ത്രിക്കായി വിവിധ ദിവസങ്ങളിലായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലും ആയിരുന്നു പരിപാടികള്‍. ഇതിന്‍റെ ഏകോപനങ്ങൾക്കായി അബുദാബിയിലും ദുബായിലും സംഘാടക സമിതി അടക്കം രൂപീകരിച്ചിരുന്നു.
തുടർഭരണം ലഭിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളെ അഭിസംബോധന ചെയ്യാനിരുന്നത്. എന്നാൽ കേന്ദ്രം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ എല്ലാ നീക്കങ്ങളും പാളി. സ്വീകരണ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ ഒടുവിൽ നൽകുന്ന വിവരം.