കേരളം

kerala

ETV Bharat / state

ന്യൂട്രാസ്യൂട്ടിക്കൽസിനുള്ള മികവിന്‍റെ കേന്ദ്രം തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ വരുന്നു

പുതിയ പദ്ധതിക്കായി ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സലിന്‍റെ ചുമതല കേന്ദ്ര റിസര്‍ച്ച് ആന്‍ഡ് ഇൻഡസ്ട്രി ഇന്‍റര്‍ഫെയ്‌സ് ഡിവിഷന് നൽകാനാണ് തീരുമാനം

Life Science park  ലൈഫ് സയൻസ് പാർക്ക്  center of excellence for nutraceuticals  kerala news  nutraceuticals at Life Science Park  തിരുവനന്തപുരം ലൈഫ് സയൻസ് പാർക്ക്  What is nutraceuticals  എന്താണ് ന്യൂട്രാസ്യൂട്ടിക്കൽസ്  ന്യൂട്രാസ്യൂട്ടിക്കൽസ്
ന്യൂട്രാസ്യൂട്ടിക്കൽസിനുള്ള മികവിന്‍റെ കേന്ദ്രം തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ വരുന്നു

By

Published : Jun 6, 2023, 2:46 PM IST

തിരുവനന്തപുരം : പോഷകഗുണമുള്ള ഭക്ഷ്യവസ്‌തുവായ ന്യൂട്രാസ്യൂട്ടിക്കൽസുമായി ബന്ധപ്പെട്ട മികവിന്‍റെ കേന്ദ്രം തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ചുമതല കേന്ദ്ര റിസര്‍ച്ച് ആന്‍ഡ് ഇൻഡസ്ട്രി ഇന്‍റര്‍ഫെയ്‌സ് ഡിവിഷന് നൽകും.

ലൈഫ് സയന്‍സ് പാര്‍ക്കിലെ അഞ്ച് ഏക്കര്‍ സ്ഥലം ഇതിനായി മാറ്റിവയ്‌ക്കാനാണ് തീരുമാനം. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റര്‍ഫെയ്‌സ് ഡിവിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിയുടെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ ലബോറട്ടറി സൗകര്യവും ഒരുക്കും.

ന്യൂട്രാ സ്യൂട്ടിക്കല്‍സിന്‍റെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന് സംസ്ഥാനത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്‍റര്‍ഫെയ്‌സായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള പങ്കാളികളുടെ പട്ടികയും തയ്യാറാക്കി വരികയാണ്. കാലാവസ്ഥ, അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ സാന്നിധ്യം എന്നിവ ന്യൂട്രാ സ്യൂട്ടിക്കല്‍സിന്‍റെ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാനം ഏറ്റവും മികച്ച ഇടമാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ആഗോള തലത്തില്‍ സംസ്ഥാനം ജൈവ വൈവിധ്യ ഹോട്ട്‌സ്‌പോട്ടാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. അതിനാല്‍ ഈ നടപടി മികച്ച വിദേശ നാണ്യവും തൊഴില്‍ സാധ്യതയും സൃഷ്‌ടിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

എന്താണ് ന്യൂട്രാ സ്യൂട്ടിക്കല്‍സ് : പ്രത്യേക പോഷക ഗുണമുള്ള ന്യൂട്രാ സ്യൂട്ടിക്കല്‍സ് ഭക്ഷണ വസ്‌തുക്കളേക്കാള്‍ ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ്. കുറഞ്ഞ പാര്‍ശ്വഫലങ്ങളും പ്രകൃതിജന്യ വസ്‌തുക്കളില്‍ നിന്നുള്ള ഉത്ഭവവും ഇവയെ കൂടുതല്‍ ആകര്‍ഷകവും സ്വീകാര്യവുമാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അലര്‍ജികള്‍, അല്‍ഷിമേഴ്‌സ്, ഹൃദ്രോഗം, കാന്‍സര്‍, പൊണ്ണത്തടി, പാര്‍ക്കിന്‍സണ്‍സ്, നേത്രരോഗം തുടങ്ങിയവയ്‌ക്കെതിരെയും ന്യൂട്രാ സ്യൂട്ടിക്കല്‍സ് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയെ പഠിക്കുകയും മികച്ചവയെ വാണിജ്യവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ന്യൂട്രാ സ്യൂട്ടിക്കല്‍സിനായുള്ള മികവിന്‍റെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.

യോഗത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെഎം എബ്രഹാം, സയന്‍സ് മെന്‍റര്‍ എംസി ദത്തന്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കെപി സുധീര്‍, രാജീവ് ഗാന്ധി സെന്‍റർ ഫോര്‍ ബയോടെക്‌നോളജി റിട്ട. സയന്‍റിസ്റ്റ് ഡോ. റൂബി തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ ; 1500 കോടി രൂപ ചെലവിൽ നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിൽ ഒരുങ്ങുന്നത്. ടെക്‌നോപാർക്ക് ഫേസ് ഫോറിന്‍റെ ഭാഗമായ പദ്ധതി കേരള ഡിജിറ്റൽ സർവകലാശാലയോട് ചേർന്നാണ് നിർമിക്കുക. ഏപ്രിൽ മാസത്തിലെ കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ തറക്കല്ലിടൽ നടത്തിയത്.

പ്രധാനമായും നാല് ലക്ഷ്യങ്ങളിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻഡസ്‌ട്രി 4.0. ഇലക്‌ട്രോണിക്‌സ്, 5 ജി ആശയവിനിമയം, സ്‌മാർട് ഹാർഡ് വെയർ, അർധ ചാലകങ്ങൾ, മെഡിക്കൽ മെറ്റീരിയലുകൾ എന്നി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രഥമ ലക്ഷ്യം. കൂടാതെ ഇ - മൊബിലിറ്റി, ഡിജിറ്റൽ ആരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ഡിജിറ്റൽ ആപ്ലിക്കേഷനാണ് രണ്ടാമത്തെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയ്‌ൻ, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇൻഫർമാറ്റിക്‌സ് എന്നിവയിൽ ഊന്നിയുള്ള ഡിജിറ്റൽ ഡീപ്‌ടെകാണ് മൂന്നാമത്തെ മേഖല. പുതിയ ഉത്‌പന്നങ്ങൾ, ജോലി സാധ്യതകൾ എന്നിവ സൃഷ്‌ടിക്കുന്നതിനായുള്ള ഡിജിറ്റൽ സംരംഭകത്വമാണ് നാലാമതായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ABOUT THE AUTHOR

...view details