തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് വീണ്ടും മന്ത്ര ധ്വാനികളുയര്‍ന്നു. വ്രതനിഷ്‌ഠതയോടെ കാത്തിരുന്ന ഭക്ത ജനങ്ങള്‍ക്ക് ഇത് സന്തോഷത്തിന്‍റെ നിമിഷം. പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകാന്‍ ആറ്റുകാലമ്മയുടെ സന്നിധിയിലെത്തിയത് ലക്ഷകണക്കിന് ഭക്തര്‍.
ഭക്തനിർഭരമായ ആറ്റുകാൽ പൊങ്കാല മഹോത്സത്തിൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സിനിമ - സീരിയല്‍ താരങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളെല്ലാം മാറി ആറ്റുകാൽ പൊങ്കാല ദേവി സന്നിധിയിൽ നേരിട്ടെത്തി സമർപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് താരങ്ങള്‍. കഴിഞ്ഞ വര്‍ഷം വീടുകളില്‍ ഒതുങ്ങി കൂടിയതിന് ശേഷം പൂര്‍വാധികം ഭംഗിയോടെ ഇത്തവണ ദേവിയ്‌ക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ കഴിഞ്ഞു.
ഇത്തവണ ഇരട്ടി സന്തോഷം:ക്ഷേത്രത്തിനോട് ചേർന്ന് താമസിച്ചിരുന്നതിനാൽ കൊവിഡ് കാലത്തും ദേവി സന്നിധിയിലെത്തി പൊങ്കാലയിടാൻ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് നടി രമ്യ സലിം പറഞ്ഞു. എന്നാൽ സുഹൃത്തുക്കളുമായി ഒരുമിച്ച് പൊങ്കാലയിടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ അതിന് സാധിച്ചുവെന്നും രമ്യ പറഞ്ഞു.
പൊങ്കാലക്കെത്താനായത് മഹാഭാഗ്യമെന്ന് സീമ:കൊവിഡിന്‍റെ ഭീതിയൊഴിഞ്ഞ കാലത്ത് എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്നാണ് ആഗ്രഹമെന്ന് നടി ജലജ പറഞ്ഞു. നടി ജലജയോടൊപ്പം മകളും പൊങ്കാലയ്ക്കായി എത്തിയിരുന്നു. എവിടെ പൊങ്കാല സമർപ്പിച്ചാലും ദേവി സ്വീകരിക്കുമെന്ന് നടി സീമ ജി നായർ പറഞ്ഞു. ഇടവേളക്ക് ശേഷം ദേവിയുടെ സാന്നിധ്യത്തിൽ പൊങ്കാല ഇടാൻ കഴിഞ്ഞുവെന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നും ഇവിടെയെത്തി പൊങ്കാല സമര്‍പ്പിക്കുന്നതിന്‍റെ സുഖം മറ്റെവിടെയും കിട്ടില്ലെന്നും അന്താരാഷ്ട്ര വനിത ദിനം കൂടി വരുന്നതിന് മുൻപായി സ്ത്രീകളുടെ ശബരിമല എന്ന് കൂടി അറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നടി സീമ ജി നായർ പറഞ്ഞു.