തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ സിബി മാത്യൂസും ആർബി ശ്രീകുമാറും പ്രതികൾ. കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. 18 പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.
എഫ്ഐആർ സമർപ്പിച്ചു
സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ നടപടി. നമ്പിനാരായണന്‍ ഉള്‍പ്പെയുള്ളവരെ പ്രതി ചേര്‍ത്തതിനു പിന്നിലെ ഗൂഡാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്. കേരള പൊലീസിലേയും ഐബിയിലേയും ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐയായിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി അന്നത്തെ പേട്ട എസ്ഐ തമ്പി എസ് ദുര്‍ഗാദത്താണ്. സിറ്റി പോലീസ് കമ്മീഷ്ണറായിരുന്ന ബിആര്‍ രാജീവനാണ് മൂന്നാം പ്രതി. അന്നത്തെ ഡിഐജിയായിരുന്ന സിബിമാത്യൂസ് നാലം പ്രതിയും ഡിവൈഎസ്പിയായിരുന്ന കെകെ ജോഷ്വാ അഞ്ചാം പ്രതിയുമാണ്.
18 പ്രതികൾ
എസ്ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ നായര്‍, ഐബി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാര്‍ , ഇന്‍റലിജന്‍സ് ഉദ്യാഗസ്ഥനായ സിആര്‍ആര്‍ നായര്‍, ഐബി ഉദ്യോഗസ്ഥരായ ജിഎസ് നായര്‍, കെവി തോമസ്, ബിഎസ് ജയപ്രകാശ്, ജി ബാബുരാജ്, മാത്യുജോണ്‍, ജോണ്‍ പുന്നന്‍, ബേബി, ലിന്‍റോ മത്യാസ്, വികെ മൈനി,എസ് ജോഗേഷ് എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
Also Read: ഐഎസ്ആർഒ ചാരവൃത്തി; പൊലീസുകാർക്കെതിരെ സിബിഐയുടെ എഫ്‌ഐആർ
നമ്പി നാരായണനെ കസ്റ്റഡിയിൽ മര്‍ദ്ദിച്ചതായും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ ചാരകേസില്‍ ഉള്‍പ്പെട്ട ഉദ്യാഗസ്ഥരെ അപകടപ്പെടാത്താന്‍ തെറ്റായ രേഖകള്‍ ചമച്ചതായും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടത്തിലേക്കാണ് കേസ് കടന്നു പോകുന്നത്. കേസിലെ ഗൂഡാലോചന അന്വേഷിക്കുമ്പോള്‍ അതിനു പിന്നില്‍ അന്ന് പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കളുടെ പങ്കും വരും ദിവസങ്ങളില്‍ സിബിഐ അന്വേഷണ പരിധിയില്‍ വന്നേക്കാം.