തിരുവനന്തപുരം : നവകേരള സദസിന്റെ പേരിൽ സിപിഎം നടത്തുന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കത്തോലിക്കാസഭാ പത്രം ദീപികയുടെ മുഖപ്രസംഗം (Catholic Church criticizing CPM's violence). നാട്ടിൽ എന്ത് ഗുണ്ടായിസം കാണിച്ചാലും തൊഴിലാളിവർഗ പാർട്ടിയിൽ അംഗത്വമുണ്ടെങ്കിൽ അത് സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്റെ ഭാഗമായിരിക്കുമെന്നും പാർട്ടിക്കാരെയും അംഗരക്ഷകരെയും പൊലീസിനെയുമൊന്നും പൊതുജനത്തിന് തിരിച്ചറിയാനാവില്ലെന്നും ഞങ്ങളുയർത്തുന്ന കരിങ്കൊടി സമരമാർഗവും മറ്റുള്ളവരുടേത് അക്രമവുമാണെന്നും ഞങ്ങളെറിയുന്ന കല്ല് പുഷ്പവും മറ്റുള്ളവരുടേത് മാരകായുധവുമാണെന്നുമെല്ലാം തോന്നുന്നത് രാഷ്ട്രീയ തിമിരമാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.
കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനുള്ളത് കണക്കുപറഞ്ഞ് വാങ്ങണം. അത് കെടുകാര്യസ്ഥത തുടരാനുള്ള ലൈസൻസല്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു (CPM's violence in the name of nava kerala sadas). പട്ടിണി, തൊഴിലില്ലായ്മ, കാർഷികമേഖലയിലെ സമ്പൂർണ നാശം, വന്യജീവിശല്യം, അഴിമതി, കടക്കെണി, ധൂർത്ത്, അധികാര ദുർവിനിയോഗം തുടങ്ങിയവയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്നുമാത്രമാണ് ചോദ്യം.
അഹന്ത വെടിയാനും തിരുത്താനും സമയമുണ്ട്, എന്നാൽ അംഗരക്ഷകരുടെ ‘രക്ഷാപ്രവർത്തനം’ പോലെ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വാദമെങ്കില്‍ മറ്റൊന്നും പറയാനില്ലെന്നും ജനം തീരുമാനിക്കട്ടെയെന്നും മുഖപ്രസംഗം പറയുന്നു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്ക് ഉണ്ടായ തകർച്ചയും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.