കേരളം

kerala

ETV Bharat / state

കേരളം: മതവും സമുദായവും ഇടകലരുന്ന വോട്ട് രാഷ്ട്രീയത്തിന്‍റെ നാട് - Influence of SNDP

കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും നയിക്കുന്ന മുന്നണികളാണ് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും സ്ഥാനാര്‍ഥി നിർണയം മുതല്‍ ജയപരാജയം വരെ ജാതിയും മതവും സമുദായവും അടിസ്ഥാനമാക്കിയാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുൻ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യൻ സഭാ പ്രീണനവുമായി ബിജെപിയും രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

cast politics in Kerala
കേരളം: മതവും സമുദായവും ഇടകലരുന്ന വോട്ട് രാഷ്ട്രീയത്തിന്‍റെ നാട്

By

Published : Feb 4, 2021, 6:04 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങുണരുമ്പോൾ എക്കാലവും വിവിഐപി പരിവേഷം ലഭിക്കുന്ന വിഭാഗമാണ് സാമുദായിക നേതാക്കളും മതമേലധ്യക്ഷരും.. മതനേതാക്കളെ കാണാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾ സമയം ചോദിച്ച് കാത്തു നില്‍ക്കുന്ന സ്ഥിതി വിശേഷം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ സംഭവിക്കുന്നതാണ്.

ഇത്തവണ സമുദായ നേതാക്കളുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉജ്വല ജയം നേടിയതിനു പിന്നാലെയായിരുന്നു സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്‍മാരെയും ജാതി സംഘടനാ നേതാക്കളെയും മുഖ്യമന്ത്രി കണ്ടത്. ഓരോ ജില്ലകളിലും പ്രത്യേക സ്ഥലത്ത് വച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ യു.ഡി.എഫ് നേതാക്കളും ഇറങ്ങി. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും നയിക്കുന്ന മുന്നണികളാണ് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും സ്ഥാനാര്‍ഥി നിർണയം മുതല്‍ ജയപരാജയം വരെ ജാതിയും മതവും സമുദായവും അടിസ്ഥാനമാക്കിയാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുൻ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യൻ സഭാ പ്രീണനവുമായി ബിജെപിയും രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

കേരളത്തിലെ ജാതി മത കണക്കുകള്‍

2001ല്‍ നടന്ന സെന്‍സസ് പ്രകാരം 3.48 കോടിയാണ് കേരളത്തിലെ ജനസംഖ്യ. പുതിയ സെന്‍സസ് പൂര്‍ത്തിയാകുമ്പോള്‍ അത് 3.7 കോടിയാകുമെന്നാണ് കരുതുന്നത്. ജനസംഖ്യയില്‍ 54.73 ശതമാനം ഹിന്ദുക്കളാണ്. 26.56 ശതമാനം മുസ്ലീങ്ങളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണ്. ഹിന്ദുമതത്തിലെ പ്രബലമായ രണ്ട് ജാതികള്‍ ഈഴവരും നായന്‍മാരുമാണ്.

എസ്.എന്‍.ഡി.പിയുടെ സ്വാധീനം

കേരളത്തിന്‍റെ ജനസംഖ്യയില്‍ 27 ശതമാനം ഈഴവരാണ്. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ എസ്.എന്‍.ഡി.പിയാണ് ഈഴവരെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സമുദായ സംഘടന. ഇവരുടെ ആസ്ഥാനം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 50 ലേറെ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം എസ്.എന്‍.ഡി.പിക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാല്‍ എസ്.എന്‍.ഡി.പിയുടെ പിന്തുണ നേടുക എന്നതിന് രാഷ്ട്രീയ നേതാക്കള്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നത്. ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ സി.പി.എമ്മിനൊപ്പമാണ് എസ്.എന്‍.ഡി.പി നിലയുറപ്പിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്‍റെ കാലത്തു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എസ്.എന്‍.ഡി.പി എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്നു. എന്നാല്‍ 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി എല്‍.ഡി.എഫിനെ പിന്തുണച്ചിട്ടും യു.ഡി.എഫ് 20 ല്‍ 19 സീറ്റിലും വിജയിച്ചു. ശബരിമല യുവതീ പ്രവേശത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാട്, ബി.ജെ.പിക്കെതിരായ ന്യൂനപക്ഷ ഏകീകരണം, രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം എന്നിവ യു.ഡി.എഫിന് വന്‍ വിജയം നേടിക്കൊടുക്കുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിച്ചു വന്ന രണ്ടു മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ എസ്.എന്‍.ഡി.പി പിന്തുണ എല്‍.ഡി.എഫിനെ തുണച്ചു.

എന്‍.എസ്.എസ് നിര്‍ണായക ശക്തി

കേരളത്തിന്‍റെ ജനസംഖ്യയില്‍ 17 ശതമാനം നായര്‍ വിഭാഗമാണ്. എന്‍.എസ്.എസിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍.ഡി.പി നേരത്തെ യു.ഡി.എഫിലെ ഘടക കക്ഷിയായിരുന്നെങ്കിലും 1986ല്‍ ആ പാര്‍ട്ടി പിരിച്ചു വിട്ടു. അന്നു മുതല്‍ പൊതുവേ യു.ഡി.എഫ് ആഭിമുഖ്യമാണ് എന്‍.എസ്.എസ് പുലര്‍ത്തി പോരുന്നത്. എന്നാല്‍ 1995 മുതല്‍ സമദൂരം എന്ന നിലപാടാണ് എൻഎസ്എസ് കേരളത്തിലെ മുന്നണികളോട് സ്വീകരിച്ചു പോരുന്നത്. എല്ലാ മുന്നണികളോടും സമദൂരം (equidistance) എന്നതാണ് നയം. അതിനാല്‍ ഈ സമദൂരത്തെ തങ്ങള്‍ക്ക് കൂലമാക്കാന്‍ മുന്നണികള്‍ തെരഞ്ഞെടുപ്പ് കാത്ത് ശ്രമിക്കാറുണ്ട്. എന്‍.എസ്.എസ് ആസ്ഥാനമായ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ കണ്ട് മുന്നണികള്‍ പിന്തുണ തേടുകയാണ് പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എന്‍.എസ്.എസിന് നിര്‍ണായക സ്വാധീനമാണുള്ളത്. ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വരികയും എല്‍.ഡി.എഫ് സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുകയും ചെയ്തപ്പോള്‍ ആദ്യം പ്രക്ഷോഭ രംഗത്തിറങ്ങിയത് എന്‍.എസ്.എസ് ആയിരുന്നു. പിന്നീട് ബി.ജെ.പി ശക്തമായ സമരവുമായി മുന്നോട്ടു പോയെങ്കിലും ബി.ജെ.പിയുമായി സമരവേദി പങ്കിടാന്‍ എന്‍.എസ്.എസ് തയ്യാറായില്ല. കേരളത്തിലെത്തിയപ്പോഴെല്ലാം അമിത്ഷാ എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറെടുത്തെങ്കിലും നേതാക്കള്‍ താത്പര്യം കാട്ടിയില്ല. മതേതര പാരമ്പര്യം വിട്ടുകളിക്കാന്‍ എന്‍.എസ്.എസ് പരസ്യമായി ഇതുവരെ തയ്യാറാകാത്തതാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് മുന്നേറ്റം

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ആരോപണവും മന്ത്രി കെടി ജലീലിന് എതിരായ അന്വേഷണവുമെല്ലാം യു.ഡി.എഫിന് ഗുണകരമാകുമെന്നാണ് പൊതുവേ കരുതിയതെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റവുമുണ്ടായി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാമെന്ന യു.ഡി.എഫ് മോഹത്തിന് മങ്ങലേറ്റു. ഇതോടെയാണ് സമുദായ നേതാക്കളെ പിടിച്ച് ഏതു വിധേനയും ഭരണത്തിലേറാന്‍ യു.ഡി.എഫ് നേതാക്കള്‍ രംഗത്തിറങ്ങിയത്. ക്രിസ്ത്യന്‍ സഭകളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആദ്യം സിറോ മലങ്കര കത്തോലിക്കാ ചര്‍ച്ചസ് തലവന്‍ കര്‍ദ്ദിനാല്‍ മാര്‍ ക്ലിമ്മീസ് കാത്തോലിക്കാ ബാവയെ സന്ദര്‍ശിച്ചു പിന്തുണ അഭ്യര്‍ഥിച്ചു. 18.38 ശതമനം വരുന്ന കേരളത്തിലെ ക്രിസ്ത്യാനികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ളത് ഈ സഭാംഗങ്ങള്‍ക്കാണ്. മധ്യതിരുവിതാംകൂറിലെ പ്രത്യേകിച്ചും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഈ സമുദായത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സ്വാധീനമുള്ള തൃശൂര്‍ ആസ്ഥാനമായ സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ മാര്‍ ജോസഫ് ആലഞ്ചേരിയെ കണ്ടും യു.ഡി.എഫ് നേതാക്കള്‍ പിന്തുണ അഭ്യര്‍ഥിച്ചു. യു.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടു ബാങ്കായ ഈ വിഭാഗം 2020 ഡിസംബറില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുകയായിരുന്നു എന്നു വേണം കരുതാന്‍. കാരണം പരമ്പരാഗതമായി യു.ഡി.എഫ് വിജയിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ക്ക് തിരിച്ചടിയേറ്റു. ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ടതും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അകലാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളുടെ ചോര്‍ച്ച ഒഴിവാക്കിയില്ലെങ്കില്‍ 30 ലേറെ മണ്ഡലങ്ങളില്‍ തിരിച്ചടിയേല്‍ക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.

മുസ്ലീം നേതാക്കള്‍ക്കരികിലേക്കും യു.ഡി.എഫ്

മുസ്ലീം ഭൂരിപക്ഷ ജില്ലകളായ കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലയില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടി മുസ്ലീംലീഗാണ്. മുസ്ലീംലീഗാകട്ടെ 40 വര്‍ഷത്തിലേറെയായി യു.ഡി.എഫിലെ ഘടകക്ഷിയാണ്. എന്നാല്‍ ലീഗിനു പുറമേ മുസ്ലീം സമുദായത്തിലെ മറ്റ് ചില ഗ്രൂപ്പുകള്‍ക്ക് ഈ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. അതില്‍ ഏറ്റവും പ്രബലമായ ഒരു വിഭാഗമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗം. മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ കാന്തപുരത്തിന്‍റെ സുന്നി വിഭാഗം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. പത്തോളം സീറ്റുകളില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കഴിഞ്ഞത് കാന്തപുരത്തിന്‍റെ പിന്തുണയിലാണ്. മുസ്ലീം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും എല്‍.ഡി.എഫിലേക്ക് ചായാന്‍ കാന്തപുരത്തെ പ്രേരിപ്പിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ഒരപകടം ഒഴിവാക്കുന്നതിന് മുസ്ലീംലീഗ് നേതൃത്വം തന്നെ മുന്‍കൈ എടുത്ത് കാന്തപുരവുമായി അഭിപ്രായ ഐക്യമുണ്ടാക്കി കഴിഞ്ഞു. ലീഗ് നേതാക്കള്‍ കാന്തപുരവുമായി നിരവധി തവണ അനുരഞ്ജന നീക്കങ്ങള്‍ നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മലപ്പുറത്ത് നേരിട്ടെത്തി കാന്തപുരവുമായി ചര്‍ച്ച നടത്തി പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.

മുസ്ലീം വിഭാഗത്തില്‍ ശക്തമായ സ്വാധീനമുള്ള മറ്റൊരു വിഭാഗമാണ് സമസ്ത കേരള ജം ഇയ്യത്തുള്‍ ഉലമ അഥവാ ഇ.കെ സുന്നി വിഭാഗം. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു ഡസനോളം സീറ്റുകളില്‍ ഇവര്‍ക്കുള്ള സ്വാധീനം മുന്നണികള്‍ക്കറിയാം. ഈ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് നേരിട്ടെത്തിയെങ്കിലും സംഘടനയുടെ മുന്‍ നിര നേതാക്കള്‍ പിടികൊടുത്തില്ല. ഒടുവില്‍ മൂന്നാം നിര നേതാക്കളെ കണ്ട് പിണറായി വിജയന് മടങ്ങേണ്ടി വന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു സുന്നിവിഭാഗങ്ങളും ഒപ്പം നില്‍ക്കുമെന്നും അങ്ങനെയെങ്കില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആകെ 30 സീറ്റുകളില്‍ ബഹുഭൂരിപക്ഷവും നേടാമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ്. ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയും അവര്‍ പിന്നീട് രൂപീകരിച്ച വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടിയും കാലാകാലങ്ങളായി എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചു. 2020 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് മുന്‍കൈ എടുത്ത് വെല്‍ഫയർ പാര്‍ട്ടിയുമായി ധാരണയിലെത്തി. എന്നാല്‍ ഇത് യു.ഡി.എഫിന്‍റെ വര്‍ഗീയ കൂട്ടുകെട്ടാണെന്ന നിലയില്‍ എല്‍.ഡി.എഫ് പ്രചാരണം അഴിച്ചു വിട്ടതോടെ ധാരണയില്‍ നിന്ന് യു.ഡി.എഫ് പിന്‍വാങ്ങി. വെല്‍ഫയർ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് ഇരു മുന്നണികൾക്കും നിർണായകമാണ്.

ലത്തീന്‍ വിഭാഗം

കേരള ജനസംഖ്യയില്‍ നാല് ശതമാനമാണ് ലത്തീന്‍ വിഭാഗം. പ്രത്യേകിച്ചും കേരളത്തിന്‍റെ തീരദേശ മണ്ഡലങ്ങളില്‍ ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഏതാനും മണ്ഡലങ്ങളില്‍ ഇവരുടെ സ്വാധീനം അവഗണിക്കാനാകാത്തതാണ്. എറണാകുളം ജില്ലയിലെ ഏഴുമണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ ലത്തീന്‍ സമുദായമാണ് നിര്‍ണയിക്കുക. എന്നാല്‍ ലത്തീന്‍ വിഭാഗത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും ഇപ്പോഴും യു.ഡി.എഫിനൊപ്പമെന്നതാണ് അവരുടെ ആശ്വാസം.

മുസ്ലീം നേതാക്കള്‍ക്കരികിലേക്കും യു.ഡി.എഫ്

കേരളത്തിലെ ക്രിസ്തീയ സഭകളിലെ രണ്ട വ്യത്യസ്ത വിഭാഗങ്ങളായ യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ രൂക്ഷമായ പള്ളി തര്‍ക്കം നടന്നു വരികയാണ്. യാക്കോബായ സമുദായങ്ങളുടെ കൈവശമുള്ള 30 ലേറെ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ അടുത്തിടെ സുപ്രീംകോടതി ഉത്തരവിട്ടു. ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ട യാക്കോബായ വിഭാഗം തെരുവിലിറങ്ങി. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇടപെടുവിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം നടത്തുന്നുണ്ട്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഇപ്പോള്‍ മിസോറാം ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇതിന്‍റെ ഇടനിലക്കാരന്‍. ഇതിലൂടെ ഓര്‍ത്തഡോക്‌സ്, യാക്കോബായ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് നേടാനായേക്കുമെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പിയും. ചുരുക്കത്തില്‍ പുറമേ രാഷ്ട്രീയമൊക്കെ പറയുമെങ്കിലും ഉള്ളിലേക്കു കടന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പോര് പൂര്‍ണമായും ജാതി-മത-സാമുദായി ശക്തികള്‍ തമ്മിലാണെന്നതാണ് മുന്നണികൾ നല്‍കുന്ന ചിത്രം.

ABOUT THE AUTHOR

...view details