തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനെ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ ഡിജിപി സെൻകുമാറിനും, സുഭാഷ് വാസുവിനുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ കൂടാതെ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്തു.
സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ കേസ് - കേസ് രജിസ്റ്റര്‍ ചെയ്തു.
വാർത്താ സമ്മേളനത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകൻ കടവിൽ റഷീദിനെ സെൻകുമാറിനൊപ്പമെത്തിയവർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു .
ഈ മാസം 16 നായിരുന്നു കേസിന് ആസ്പദമായ സംഭവം. എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് മുൻ ഡിജിപി ടി.പി സെൻകുമാറും ബി.ഡി.ജെ.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസുവും തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനത്തിനിടയിൽ ചോദ്യം ചോദിച്ച കടവിൽ റഷീദിനെ മുന്നിലേയ്ക്ക് വിളിക്കുകയും നിങ്ങൾ പത്രപ്രവർത്തകനാണോയെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും ചോദിച്ച് അപമാനിക്കുകയുമായിരുന്നു. താൻ അക്രഡിറ്റേഷനുള്ള ജേർണലിസ്റ്റാണെന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കിയെങ്കിലും സെൻകുമാറിനൊപ്പമെത്തിയവർ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.