എറണാകുളം:മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കഴിഞ്ഞ ദിവസം പൊലീസ് പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഐ.പി.സി 153 വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. മുഖ്യമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തുന്ന കെ. സുധാകരന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സഹിതമാണ് പൊലീസിന് പരാതി ലഭിച്ചത്. ഇത് ഉൾപ്പടെ പരിശോധിച്ച് കേസെടുക്കുകയായിരുന്നു.
ഉപതെരെഞ്ഞെടുപ്പിന്‍റെ ഭാഗമായി മുഖ്യമന്ത്രി തൃക്കാക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് പരാതിക്കിടയാക്കിയ പരാമർശം നടത്തിയത്. ഈ പരാമർശം തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇടതുമുന്നണി പ്രധാന ചർച്ചാവിഷയമാക്കിയിരുന്നു. കേസെടുത്തതോടെ തൃക്കാക്കരയിൽ ഈ വിഷയം കൂടുതൽ ചർച്ചയാകാനാണ് സാധ്യത.
നേരത്തെ തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ജനങ്ങൾക്ക് തെറ്റ് തിരുത്താനുള്ള അവസരമാണെന്നും അത്തരമൊരു സൗഭാഗ്യമാണ് ലഭിക്കുന്നതെന്ന പരാമർശം യു.ഡി.എഫ് വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകന്‍റെ പ്രസ്‌താവന വീണു കിട്ടിയ അവസരമായി ഇടതുമുന്നണിയും ഉപയോഗിക്കുന്നത്.
ALSO READ:തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയം ജനപിന്തുണയുടെ അടയാളമെന്ന് മുഖ്യമന്ത്രി