തിരുവനന്തപുരം: അനാവശ്യമായി നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയിൽ കന്‍റോൻമെന്‍റ് എസ്ഐ എൻ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
പരാതിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൻ പ്രതിയായുള്ള കേസിന്‍റെ പേരിലായിരുന്നു എസ്ഐ എൻ അശോക് കുമാർ ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നത്. കേസിൽ നിന്നും പരാതിക്കാരിയുടെ മകനെ ഒഴിവാക്കി തരാമെന്ന് പറഞ്ഞായിരുന്നു എസ്ഐ ഇവരെ ശല്യം ചെയ്‌തുകൊണ്ടിരുന്നത്.
കേസിനെ കുറിച്ച് സംസാരിക്കാൻ എന്ന പേരിൽ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും വിളിച്ചു വരുത്തിയതായും യുവതി പരാതിയിൽ പറയുന്നു. എസ്ഐയുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ റെക്കോഡ് സഹിതം ആയിരുന്നു യുവതി കഴിഞ്ഞ ദിവസം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.