കേരളം

kerala

ETV Bharat / state

Allegation On CPM | കൈതോലപ്പായ പണം കടത്ത് ആരോപണം : ജി ശക്തിധരന്‍റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്, നാളെ ഹാജരാകണം - കൈതോലപ്പായ പണം കടത്ത് ആരോപണം

നാളെ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് ജി ശക്തിധരന് പൊലീസ് നിര്‍ദേശം നല്‍കിയത്

police to collect statement of g sakthidharan  cantonment police  g sakthidharan Thiruvananthapuram  Allegation On CPM  കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍  കൈതോലപ്പായയില്‍ പണം കടത്തി  കൈതോലപ്പായ പണം കടത്ത് ആരോപണം
കൈതോലപ്പായ പണം കടത്ത്

By

Published : Jul 3, 2023, 5:53 PM IST

Updated : Jul 3, 2023, 8:46 PM IST

തിരുവനന്തപുരം :കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. നാളെ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ശക്തിധരനോട് പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക പരിശോധനയുടെ ഭാഗമായാണ് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറാണ് മൊഴി രേഖപ്പെടുത്തുക. എന്നാല്‍, ശക്തിധരന്‍ മൊഴി നല്‍കാന്‍ എത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ബെന്നി ബെഹനാന്‍, ഡിജിപിക്ക് നല്‍കിയ പരാതി, ഡിസിപിക്ക് കൈമാറുകയായിരുന്നു. ഇത് പിന്നീട് കന്‍റോണ്‍മെന്‍റ് എസിയോട് പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

'ഇന്നത്തെ മന്ത്രിസഭാംഗവും ആ കാറിലുണ്ടായിരുന്നു' :ശക്തിധരന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം വേണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മൊഴി നല്‍കാന്‍ എത്തുന്ന കാര്യം അറിയിക്കാമെന്നാണ് അദ്ദേഹം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സിപിഎമ്മിലെ ഉന്നത നേതാവ് കൊച്ചിയിലെ സമ്പന്നരില്‍ നിന്ന് പിരിച്ചെടുത്ത രണ്ട് കോടി 35 ലക്ഷം രൂപ, കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയില്‍ തിരുവനന്തപുരത്ത് എത്തിച്ചുവെന്നായിരുന്നു ശക്തിധരന്‍ ഫേസ്‌ബുക്കിലൂടെ ആരോപിച്ചത്.

ഇന്നത്തെ മന്ത്രിസഭയിലെ ഒരംഗം കാറിലുണ്ടായിരുന്നുവെന്നും താനും കൂടി ചേര്‍ന്നാണ് തുക എണ്ണി തിട്ടപ്പെടുത്തിയതെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പരാമര്‍ശിക്കാതെ സൂചനകള്‍ നല്‍കിയായിരുന്നു ഫേസ്‌ബുക്കിലെ ആരോപണങ്ങള്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കത്ത് നല്‍കിയത്.

'ഹോട്ടലില്‍ നിന്ന് 10 ലക്ഷം പാര്‍ട്ടിക്ക് നല്‍കി' :ഇന്ന് കുറച്ചുകൂടി കടുത്ത ആരോപണം ശക്തിധരന്‍ ഉന്നയിച്ചിരുന്നു.കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയില്‍, ഇരട്ടച്ചങ്കനായ നേതാവ് തിരുവനന്തപുരത്ത് കൊണ്ടുവന്ന രണ്ട് കോടി 35 ലക്ഷം രൂപ സിപിഎമ്മിന് നല്‍കിയില്ലെന്നായിരുന്നു ശക്തിധരന്‍റെ ഈ വെളിപ്പെടുത്തല്‍. പാര്‍ട്ടി ആസ്ഥാനത്ത് പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് മനസിലാക്കിയ കാര്യമാണ് ഇതെന്നും ശക്തിധരന്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ലെന്നും പറഞ്ഞിട്ടുണ്ട്. കോവളത്തെ ഒരു ഹോട്ടല്‍ വ്യവസായിയില്‍ നിന്ന് സമാഹരിച്ച് 10 ലക്ഷം രൂപ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. അതേ വ്യവസായി കൈമാറിയ രണ്ടാമത്തെ കവറിനെ കുറിച്ച് വിവരമില്ലെന്നും ശക്തിധരന്‍ പറയുന്നു.

കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുന്‍പ് കോടികള്‍ എന്നത് ചിന്തകള്‍ക്ക് അപ്പുറമായിരുന്നു. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. വിഭാഗീയത കൊടുമ്പിരികൊണ്ട കാലശേഷമാണ് ഇത് താളംതെറ്റിയത്. മലമ്പുഴ തെരഞ്ഞെടുപ്പ് സമയത്ത് ചെലവ് കഴിഞ്ഞ് മിച്ചം വന്ന 28 ലക്ഷം രൂപ സംബന്ധിച്ച് എകെജി സെന്‍ററില്‍ മടങ്ങിയെത്തിയപാടെ വിഎസ് ഒരു കുറിപ്പ് കൊടുത്തയക്കുന്നത് കണ്ടിട്ടുണ്ട്.

രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്‌തകത്തിന് റോയല്‍റ്റിയായി പുസ്‌തക പബ്ലിഷറില്‍ നിന്ന് കിട്ടിയപ്പോള്‍ അതേപടി കത്തെഴുതി എകെജി സെന്‍ററില്‍ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയാണ് കമ്മ്യൂണിസ്റ്റുകളുടെ ജീവിതം. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. ഇതിനെതിരെ താനെന്തെങ്കിലും ശബ്‌ദിച്ചില്ലെങ്കില്‍ ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറുമെന്നത് ഉറപ്പാണെന്നും ശക്തിധരന്‍ പറയുന്നു.

Last Updated : Jul 3, 2023, 8:46 PM IST

ABOUT THE AUTHOR

...view details