തിരുവനന്തപുരം :ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം.ക്യാന്‍സര്‍ രോഗികളുടെ എണ്ണം സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിക്കുകയാണ്. പ്രതിവര്‍ഷം 70000 പേര്‍ പുതുതായി ക്യാന്‍സര്‍ ബാധിതരാകുന്നുവെന്നാണ് ബജറ്റില്‍ പരാമര്‍ശിക്കുന്ന കണക്ക്. സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 42 ശതമാനവും തൈറോയ്‌ഡ് ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 22 ശതമാനത്തോളവുമാണ് വര്‍ധന.
ഈ ഗൗരവകരമായ സാഹചര്യത്തില്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സക്കായി ആശ്രയിക്കുന്ന തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്‍ററിനെ സംസ്ഥാന ക്യാന്‍സര്‍ സെന്‍ററായി ഉയര്‍ത്തി കൂടുതല്‍ പേര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആര്‍.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 81 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
കൊച്ചി, മലബാര്‍ ക്യാന്‍സര്‍ സെന്‍ററുകളുടെ വികസനവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. 360 കിടക്കകളുമായി മധ്യകേരളത്തിലെ അപ്പെക്‌സ് ക്യാന്‍സര്‍ സെന്‍ററായി കൊച്ചി ക്യാന്‍സര്‍ സെന്‍ററിനെ ഉയര്‍ത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിനായി 14.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന് 28 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 427.9 കോടി രൂപ ചിലവില്‍ മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണിത്. സര്‍ക്കാര്‍ മേഖലയില്‍ തന്നെ കൂടുതല്‍ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുകയെന്നതും സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്.
ഇതുകൂടാതെ ക്യാന്‍സര്‍ പ്രതിരോധത്തിന് ബഹുജന പങ്കാളിത്തതോടെ സ്‌റ്റേറ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി എന്ന പേരില്‍ പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടിയാകും സമൂഹത്തില്‍ ശാസ്ത്രീയ അവബോധം നല്‍കുന്നതിനുള്ള പ്രചരണ പരിപാടി സംഘടിപ്പിക്കുക.
ഇതുകൂടാതെ ക്യാന്‍സര്‍ രോഗികളുടേയും ചികിത്സ സൗകര്യങ്ങളുടേയും ബോണ്‍ മാരോ ദാതാക്കളുടേയും മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ ഇ ഹെല്‍ത്ത് വഴി ഓണ്‍ലൈന്‍ സംവിധാനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.