തിരുവനന്തപുരം: രാജ്യത്തെ വിവിധ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി 'ക ച ട ത പ' കലിഗ്രഫി ദേശീയ മേള. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നടന്ന പരിപാടിയില്‍ ഇന്ത്യൻ രൂപയ്ക്ക് ലോകോത്തര ചിഹ്നം രൂപകൽപ്പന ചെയ്‌ത വിഖ്യാത ഡിസൈനർ ഡോക്‌ടർ ഉദയകുമാർ ഉൾപ്പെടെയുള്ള രൂപകൽപ്പന വിദഗ്‌ദരാണ് പങ്കെടുത്തത്. കൂടാതെ കേന്ദ്ര ഡിസൈന്‍ സര്‍വകലാശാലകളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രഗത്ഭരാണ് മേളയില്‍ പങ്കുകൊള്ളാനെത്തിയത്.
കലിഗ്രഫി ഫെസ്റ്റില്‍ താരമായി ഇന്ത്യന്‍ രൂപയ്‌ക്ക് ലോകോത്തര നിലവാരം നല്‍കിയ ഉദയകുമാര്‍
തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലാണ് 'ക ച ട ത പ' ദേശീയ കലിഗ്രഫി മേള നടന്നത്.
അങ്ങേയറ്റം വ്യക്തിപരമാണ് എന്നത് തന്നെയാണ് കലിഗ്രഫിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഡോ.ഉദയകുമാർ പറയുന്നു. കേന്ദ്രീകൃതമായി കലിഗ്രഫിക്ക് പ്രവർത്തിക്കാനാകുന്നു. കലാകാരന്‍റെ ശേഷിയും ഉദ്ദേശവും കൃത്യമായി പ്രതിഫലിപ്പിക്കാൻ കലിഗ്രഫിയിലൂടെ കഴിയുന്നുവെന്ന് ഐഐടി ഗുവഹത്തി ഡിസൈൻ വിഭാഗം തലവൻ കൂടിയായ ഉദയകുമാർ അഭിപ്രായപ്പെട്ടു.
കല പലപ്പോഴും ഭാഷാതിർത്തികൾ ഭേദിക്കുന്നു. എന്നാൽ കലിഗ്രഫിയിൽ അക്ഷരങ്ങൾ തന്നെ ഭാവനസൃഷ്‌ടിയുടെ ഉപകരണങ്ങളാകുന്നു. കൊവിഡിന് മുൻപ് അവസാനമായി നടന്ന കലിഗ്രഫി മേളയിലും താൻ പങ്കെടുത്തിരുന്നുവെന്നും നിരവധി പ്രതിഭാധനരെ ഒരുമിച്ച് കൊണ്ടു വന്ന മേളയിലെ സംഘാടകർക്ക് നന്ദി പറയുന്നുവെന്നും ഉദയകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. 12 വർഷം മുൻപ് ഇന്ത്യൻ രൂപയെ ലോക ശ്രദ്ധയിലേക്കുയർത്തിയ തന്‍റെ രൂപകല്‍പനയിൽ അഭിമാനമുണ്ടെങ്കിലും അതിൽ മേനിനടിക്കാൻ ഈ ഡിസൈനെർ തയ്യാറല്ല എന്നതാണ് അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനാക്കുന്നത്.