തിരുവനന്തപുരം: പിറന്നാള്‍ എല്ലാവര്‍ക്കും പ്രത്യേകതകള്‍ ഏറെയുള്ള ദിനമാണ്. കേക്ക് മുറിച്ചും സദ്യ ഒരുക്കിയുമെല്ലാം നമ്മള്‍ ഓരോരുത്തരും പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ രീതിയിലുള്ള ഒരു പിറന്നാള്‍ ആഘോഷമാണ് ഇനി നമ്മള്‍ കാണുന്നത്. ഒരു കുറുമ്പിയായ കുട്ടിയാനയുടെ പിറന്നാള്‍ ആഘോഷം. അതും തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ അന്തേവാസിയായ ശ്രീക്കുട്ടി എന്ന കുട്ടിയാനയാണ് പിറന്നാളുകാരി. ഈ കുറുമ്പിയുടെ ഒന്നാം പിറന്നാളാണ് വനപാലകര്‍ കെങ്കേമമായി ആഘോഷിച്ചത്. ഈ ആഘോഷം സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി.
പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് കുട്ടിയാന
തിരുവനന്തപുരത്തെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലെ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി വനപാലകര്‍.
കഴിഞ്ഞ വര്‍ഷം നവംബർ എട്ടിനാണ് തെന്മലയിൽ നിന്ന് ശ്രീക്കുട്ടി എന്ന കുറുമ്പി ആനപാലന കേന്ദ്രത്തില്‍ എത്തിയത്. ഈ ദിവസത്തിന്‍റെ ഓർമ്മ പുതുക്കി കൊണ്ടായിരുന്നു വനപാലകർ കേക്ക് ഒരുക്കി പിറന്നാൾ ആഘോഷിച്ചത്. ഈ കേക്കിനുമുണ്ട് പ്രത്യേകതകള്‍. സാധാരണ കേക്ക് പോലെയല്ല ഇതുണ്ടാക്കിയത്. ശ്രീക്കുട്ടിയുടെ ഇഷ്ടവിഭവങ്ങള്‍ ചേര്‍ത്താണ് കേക്ക് നിര്‍മ്മിച്ചത്. കരിമ്പും, ശര്‍ക്കരയും, കൈതച്ചക്കയുമെല്ലാം ചേര്‍ത്ത ഒരു ഭീമന്‍ കേക്ക്. കേക്ക് മുറിക്കാനായി ശ്രീക്കുട്ടിയുടെ വരവിനായി കാത്തിരിക്കുന്നതിനിടെ തലയില്‍ ഒറു മഞ്ഞ പൂവും, നെറ്റിയില്‍ ചന്ദനക്കുറിയുമെല്ലാം അണിഞ്ഞ് സുന്ദരിയായി കുണുങ്ങിക്കുണുങ്ങി അവളെത്തി. ഈ സമയത്ത് ആനപരിപാലന കേന്ദ്രത്തിലെ മറ്റ് ആനകളും ശ്രീക്കുട്ടിക്ക് ആശംസകളുമായി വരിവരിയായി എത്തി. പിറന്നാളുകാരിയെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. തുടര്‍ന്ന് കേക്ക് മുറിക്കല്‍. ഉദ്യോഗസ്ഥര്‍ നല്‍കിയ ഓരോ കഷണം കേക്കും വളരെ കൊതിയോടെ ശ്രീക്കുട്ടി കഴിച്ചു. ഈ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ വലിയ തിരക്കായിരുന്നു എല്ലാവര്‍ക്കും. ഫോറസ്റ്റ് സെക്രട്ടറി രാജേഷ്കുമാർ സിംഹ, വൈൽഡ് ലൈഫ് വാർഡൻ ദേവപ്രസാദ്, അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.