കേരളം

kerala

ETV Bharat / state

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം - മത്സ്യത്തൊഴിലാളി വായ്‌പ മൊറട്ടോറിയം

മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്‌ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കും. മത്സ്യത്തൊഴിലാളികളുടെ വായ്‌പകളുടെ മൊറട്ടോറിയം 2020 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനം.

cabinet meeting  മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍  കേരള പഞ്ചായത്ത് രാജ് ആക്റ്റ്  കേരള മുന്‍സിപ്പാലിറ്റി ആക്റ്റ്  മത്സ്യത്തൊഴിലാളി വായ്‌പ മൊറട്ടോറിയം  കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

By

Published : Dec 26, 2019, 11:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നിവക്കും ഇത് ബാധകമാണ്.

നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13ല്‍ കുറയാനോ 23ല്‍ കൂടാനോ പാടില്ല. അത് 14 മുതല്‍ 24 വരെയാക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്യുക. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയില്‍ വര്‍ധിപ്പിക്കും. ജില്ലാപഞ്ചായത്തില്‍ നിലവില്‍ അംഗങ്ങളുടെ എണ്ണം 16ല്‍ കുറയാനോ 32ല്‍ കൂടാനോ പാടില്ല. അത് 17 മുതല്‍ 33 വരെയാക്കാനാണ് നിര്‍ദേശം.

നിലവില്‍ 25 അംഗങ്ങളുള്ള മുനിസിപ്പല്‍ കൗണ്‍സിലില്‍ നിര്‍ദിഷ്‌ട ഭേദഗതി പ്രകാരം 26 പേരുണ്ടാവും. പരമാവധി 52 എന്നത് 53 ആകും. നാല് ലക്ഷത്തില്‍ കവിയാത്ത കോര്‍പ്പറേഷനില്‍ ഇപ്പോള്‍ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോര്‍പ്പറേഷനില്‍ ഇപ്പോള്‍ പരമാവധി 100 കൗണ്‍സിലര്‍മാരാണുള്ളത്. അത് 101 ആകും. ഓര്‍ഡിനന്‍സിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറക്കേണ്ടത് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം.

മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്‌ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. നമ്പിനാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്‍റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്.

മത്സ്യത്തൊഴിലാളികളുടെ വായ്‌പകളുടെ മൊറട്ടോറിയം 2020 ഡിസംബര്‍ 31വരെ ദീര്‍ഘിപ്പിക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2013 ഏപ്രില്‍ ഒന്നിന് മുമ്പ് ജോലിയില്‍ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാര്‍ക്ക് ഇപിഎഫ് പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിന് പെന്‍ഷന്‍ പ്രായപരിധി 60 വയസായി ഉയര്‍ത്തും. 2019ലെ കേന്ദ്ര ചരക്കുസേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ജിഎസ്‌ടി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ 2020 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ജിഎസ്‌ടി കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ABOUT THE AUTHOR

...view details