കേരളം

kerala

ETV Bharat / state

പ്ലസ് വൺ പ്രവേശനം : 81 താത്‌കാലിക ബാച്ചുകൾ തുടരും, 30% മാർജിനൽ സീറ്റിന് അനുമതി നൽകി മന്ത്രിസഭായോഗം - താൽക്കാലിക ബാച്ചുകൾ

സംസ്ഥാനത്തെ എസ്‌എസ്‌എൽസി ഫല പ്രഖ്യാപന ശേഷം തുടങ്ങിയ വിവാദങ്ങൾക്ക് മറുപടിയായി 30% മാർജിനൽ സീറ്റിന് അനുമതി നല്‍കി മന്ത്രിസഭായോഗം

cabinet meeting  plus one marginal seat  plus one plus one marginal seat  higher secondary schools  plus one seats  sslc  മാർജിനൽ സീറ്റിന് അനുമതി  പ്ലസ് വൺ സീറ്റ്‌  മന്ത്രിസഭായോഗം  താൽക്കാലിക ബാച്ചുകൾ  ഹയര്‍സെക്കണ്ടറി
പ്ലസ് വൺ പ്രവേശനം

By

Published : May 24, 2023, 4:31 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ്‌ വിവാദത്തിനിടെ 30% മാർജിനൽ സീറ്റിന് അനുമതി നൽകി മന്ത്രിസഭായോഗം. 2022-23 അധ്യയന വർഷത്തിൽ അനുവദിച്ച 81 താത്‌കാലിക ബാച്ചുകൾ തുടരാനും യോഗം അനുമതി നൽകി. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് വരുത്തും.

കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്‌ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും. കൂടാതെ ആവശ്യപ്പെടുന്ന എയ്‌ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കും. ഇതിന് പുറമെയാണ് 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും എട്ട് കോമേഴ്‌സ്‌ ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും തുടരുക.

81 താത്‌കാലിക ബാച്ചുകൾ : താത്‌കാലികമായി അനുവദിച്ച രണ്ട് സയൻസ് ബാച്ചുകളും താത്‌കാലികമായി ഷിഫ്‌റ്റ് ചെയ്‌ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ്‌ ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്‌മാരക സ്‌കൂളിൽ താത്‌കാലികമായി അനുവദിച്ച ഒരു കൊമേഴ്‌സ്‌ ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പടെയുള്ള 81 ബാച്ചുകളാണ് വരും അധ്യയന വർഷത്തിലും തുടരുക. ഇതോടെ എസ്‌എസ്‌എൽസി ഫല പ്രഖ്യാപനത്തിന് ശേഷം തുടങ്ങിയ വിവാദങ്ങൾക്കാണ് മറുപടിയായിരിക്കുന്നത്.

മലബാർ മേഖലയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ എണ്ണം നിലവിലുള്ള സീറ്റുകൾക്ക് പുറമെ അധികമാണെന്നും വിദ്യാർഥികൾ ആശങ്കയിൽ ആണെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പുറമെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി 150 അധിക ബാച്ചുകള്‍ മലബാർ മേഖലയ്‌ക്ക് അനുവദിക്കണമെന്ന് ശുപാർശ ചെയ്‌തിട്ടുമുണ്ട്. എന്നാൽ പ്രവേശനം സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മുൻ വർഷത്തേതുപോലെ നടപടികൾ പൂർത്തിയായാൽ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് മനസിലാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നുചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം വന്നത്.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ

  1. 2024ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനാസമിതി (മന്ത്രിസഭ ഉപസമിതി) രൂപീകരിക്കും. മന്ത്രി സജി ചെറിയാൻ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ. കൃഷ്‌ണൻകുട്ടി, കെ. രാജൻ, എ. കെ. ശശീന്ദ്രൻ, അഡ്വ. ആന്‍റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ അംഗങ്ങളാകും.
  2. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡയറി സയന്‍സ് കോളജുകളില്‍ 69 അധ്യാപക തസ്‌തികകളും 20 അനധ്യാപക തസ്‌തികകളും സൃഷ്‌ടിക്കും.
  3. കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്‌സില്‍ അ‍ഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ തസ്‌തിക താത്‌കാലികമായി സൃഷ്‌ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.
  4. വനം, വന്യജീവി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്‌തികയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കവെ കാട്ടാനയുടെ അക്രമത്തില്‍ മരണപ്പെട്ട ബി. ബൊമ്മന്‍റെ മകനായ ബി. ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ ( സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ്) തസ്‌തികയില്‍ സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.
  5. തിരുവനന്തപുരത്ത് യുദ്ധസ്‌മാരകം നിര്‍മിക്കുന്നതിന് 8,08,70,000 രൂപയ്‌ക്ക് ഭരണാനുമതി നല്‍കി.
  6. കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷന്‍റെ യൂണിറ്റ് മില്ലുകളായ പ്രഭുറാം മില്ലിനും കോട്ടയം ടെക്‌സ്‌റ്റൈൽസിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ (ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്ന് കടമെടുത്ത 1.80 കോടി രൂപയുടെ പ്രവർത്തനമൂലധന വായ്‌പയുടെ സർക്കാർ ഗ്യാരന്‍റി കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി 01.01.2023 മുതൽ രണ്ട് വർഷത്തേക്കുകൂടി നീട്ടും.
  7. കൃഷി വകുപ്പിന്‍റെ അധീനതയിലുള്ള പൊതുമേഖല സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതും പത്തും ശമ്പള പരിഷ്‌കരണം അനുവദിക്കും.

ABOUT THE AUTHOR

...view details