തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടയുന്നവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സാധാരണ മരണം സംഭവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയും തീവ്രവാദി ആക്രമണം, ബോംബ് സ്‌ഫോടനം എന്നിവ മൂലമുള്ള മരണങ്ങള്‍ക്ക് 20 ലക്ഷം രൂപയും സ്ഥായിയായ അംഗവൈകല്യത്തിന് 5 ലക്ഷം രൂപയുമാണ് സഹായം. സ്ഥായിയായ അംഗവൈകല്യം തീവ്രവാദി ആക്രമണം മൂലമോ അപകടം കാരണമോ ആണെങ്കില്‍ 10 ലക്ഷം രൂപയും ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കാലാവധി ദീര്‍ഘിപ്പിച്ചു
ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മിഷന്‍റെ കാലാവധി 2022 ജനുവരി 1 മുതല്‍ ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. പൊലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുന്നതിനായി നിയമിച്ചതാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷൻ.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം
1977 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ ഷര്‍മിള മേരി ജോസഫ്, ടിങ്കു ബിസ്വാള്‍, രവീന്ദ്രകുമാര്‍ അഗര്‍വാള്‍, കെ.എസ് ശ്രീനിവാസ് എന്നിവരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.