തിരുവനന്തപുരം:ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 1960ലെ ഭൂപതിവു നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമ ഭേദഗതി ബില്‍ 2023ന്‍റെ കരട് മന്ത്രിസഭ യോഗം അംഗീകരിച്ചു.
ഈ നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കൃഷി ആവശ്യത്തിനും വീട് നിര്‍മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയില്‍ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്‍ വഴി കൊണ്ട് വരുന്നത്. ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് ഭേദഗതി കൊണ്ടു വരുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അത് നടപ്പായില്ല. ഇതേ തുടര്‍ന്ന് ഇടുക്കിയില്‍ അടക്കം വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇടുക്കി കലക്‌ടറേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ ഉറപ്പാണ് നടപ്പാക്കാതിരുന്നത്. വിമര്‍ശനം കടുത്തതോടെയാണ് ഇന്നത്തെ (ഓഗസ്റ്റ് 7) മന്ത്രിസഭ യോഗം ഈ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്‍പ് കൃഷി ഭൂമിയായി അനുവദിച്ചതും എന്നാല്‍ ഇപ്പോള്‍ കൃഷി ചെയ്യാത്തതുമായ ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ക്രമപ്പെടുത്താന്‍ ഭേദഗതിയിലൂടെ സാധിക്കും.
ഇടുക്കി ജില്ല അടക്കമുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ദീര്‍ഘ നാളത്തെ ആവശ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. നേരത്തെയുള്ള ചട്ട പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി പതിച്ച് നല്‍കിയത് ഇടുക്കി ജില്ലയിലാണ്. ജീവനോപാധിക്കായി നിര്‍മിച്ച 1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്തുന്നതും പുതിയ നിയമ ഭേദഗതിയില്‍ ഉണ്ടാകും. 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്ന ഫീസ് ഈടാക്കി ക്രമപ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
പൊതു കെട്ടിടങ്ങള്‍ക്ക് പ്രത്യേക പരിഗണന ബില്ലില്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, മത സാംസ്‌കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ് സ്റ്റാന്‍റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് പൊതു കെട്ടിടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.
ഭൂപതിവ് നിയമ ഭേദഗതി പട്ടികയിലില്ല: സംസ്ഥാനത്തെ ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കില്ലെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നിയമസഭയുടെ പരിഗണനയ്‌ക്ക് വച്ച ബില്ലുകളില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്‍ ഉള്‍പ്പെടുത്താത്തതായിരുന്നു അതിന് കാരണം. എന്നാല്‍ ഇതിന് പിന്നാലെയാണിപ്പോള്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ മന്ത്രി സഭ യോഗത്തിന്‍റെ തീരുമാനം.
also read:kerala land act amendment bill | ഭൂപതിവ് ചട്ട ഭേദഗതി ബില്‍ പട്ടികയിലില്ല ; ഇത്തവണത്തെ നിയമസഭ സമ്മേളനത്തിലും അവതരിപ്പിച്ചേക്കില്ല