തിരുവനന്തപുരം: ബലി പെരുന്നാളിന് ഇത്തവണ രണ്ട് ദിവസം അവധി. നാളെയും മറ്റന്നാളുമാണ് അവധി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 27) ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ബലി പെരുന്നാളിന് നേരത്തെ തന്നെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള മുസ്‌ലിം ജമാഅത്ത് മറ്റന്നാള്‍ കൂടി അവധി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29നും അവധി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് നിവേദനം നല്‍കിയത്.
ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മറ്റന്നാള്‍ കൂടി അവധി അനുവദിക്കാന്‍ തീരുമാനമായത്. ജൂണ്‍ 28 നാണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്‌ലിങ്ങള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്‌ചയാണ്. ഖാസിമാരും ഐക്യകണ്‌ഠേന ഇത് പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയനോട് ജൂണ്‍ 29 കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചത്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍: ഡോ. വി.പി.ജോയി വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഫയര്‍ ഫോഴ്‌സ് ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് പുതിയ സംസ്ഥാന പൊലീസ് മേധാവി. ഡോ.വി.പി ജോയി ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് ജൂണ്‍ 30നും അനില്‍കാന്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്നും ജൂണ്‍ 30നും വിരമിക്കും.
ഡോ.വി.വേണുവും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബും 1990 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. ഡോ.വേണു കോഴിക്കോട് സ്വദേശിയും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്ര സ്വദേശിയുമാണ്. നെടുമങ്ങാട് എഎസ്‌പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് കേരള പൊലീസില്‍ നിയമവും ചട്ടവും മാത്രം നോക്കി തീരുമാനമെടുക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്ത ആളാണ്. പാലാ സബ് കലക്‌ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.വി.വേണു ടൂറിസം വകുപ്പ് സെക്രട്ടറിയായിരിക്കേ വിനോദ സഞ്ചാര മേഖലയില്‍ പിപിപി മോഡലും ഉത്തരവാദിത്ത ടൂറിസവും നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്.
പ്രളയ പുനര്‍നിര്‍മ്മാണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് തലവനായി സര്‍ക്കാര്‍ നിയമിച്ചതും ഡോ.വേണുവിനെയായിരുന്നു. തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് വേണുവിന്‍റെ ഭാര്യ.
Also Read :ഡോ വി വേണു ചീഫ് സെക്രട്ടറി, ഡോ ഷെയ്‌ഖ് ദർവേഷ് സാഹിബ് ഡിജിപി