തിരുവനന്തപുരം:ഉദ്യോഗസ്ഥ തലത്തിൽ മാറ്റം വരുത്തി സംസ്ഥാന മന്ത്രിസഭ. സഞ്ചയ് എം. കൗളിനെ ആഭ്യന്തര സെക്രട്ടറിയാക്കി. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ചയ് എം കൗളിനെയാണ് ആഭ്യന്തരവും വിജിലൻസും വകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. നിലവിൽ അദ്ദേഹം വഹിച്ചിരുന്ന ചുമതലകൾ തുടരും. വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്‌ടർ ആശാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാക്കി. പാർലമെന്‍ററി കാര്യവകുപ്പിന്‍റെ അധിക ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാജേഷ് കുമാർ സിൻഹയാണ് പുതിയ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.
ഉദ്യോഗസ്ഥ തലത്തിൽ മാറ്റങ്ങൾ വരുത്തി മന്ത്രിസഭ തീരുമാനം - CM
തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ചയ് എം കൗളിനെ ആഭ്യന്തരവും വിജിലൻസും വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ ഡോക്ടർ അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പ്രിന്‍റിങ് ആൻറ് സ്റ്റേഷനറി വകുപ്പിന്‍റെ അധിക ചുമതല ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണർ സി എസ് ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറാക്കി. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ബിജുവിനെ ലാൻഡ് റവന്യൂ കമ്മിഷണറായി നിയമിച്ചു. കൂടാതെ ലാന്‍റ് അക്വിസിഷൻ സ്പെഷ്യൽ സെക്രട്ടറിയായും കെ. ബിജു തുടരും.
ഫിഷറീസ് ഡയറക്ടർ എം ജി രാജമാണിക്യത്തെ കെഎസ്ആർടിസി മാനേജിങ് ഡയറക്‌ടറായി മാറ്റി നിയമിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കിഷോറിന് വിവര പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന യു.വി. ജോസിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ആയി മാറ്റി നിയമിക്കും. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയിൽ യു.വി. ജോസ് തന്നെ തുടരും.