കേരളം

kerala

ETV Bharat / state

അഭിജിത്തിന്‍റെ കുടുംബത്തിന് ധനസഹായമനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം - financial aid

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്തു ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം. കൂടാതെ അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

അഭിജിത്തിന്‍റെ കുടുംബത്തിന് ധനസഹായമനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

By

Published : Nov 13, 2019, 11:46 PM IST

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച കൊല്ലം അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്‍റെ കുടുംബത്തിന് ധനസഹായമനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. പത്തു ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസാഹയമനുവദിക്കുക. ഇതുകൂടാതെ അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ പദ്ധതി നിര്‍ദേശങ്ങള്‍ ലോക ബാങ്ക് വായ്പയില്‍ നിന്ന് നടപ്പിലാക്കാനും തീരുമാനിച്ചു. ചുമട്ടുതൊഴിലാളികള്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറക്കുന്നതിനും കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് കെ.സി. ജയകുമാറിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആനന്ദ് സിംഗിനെ ജിഎസ്ടി കമ്മീഷണറായി നിയമിക്കും. അദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടര്‍ന്നും വഹിക്കും. ജിഎസ്ടി കമ്മീഷണര്‍ ടിങ്കു ബിസ്വാളിനെ പാര്‍ലമെന്‍ററി അഫയേഴ്‌സ് സെക്രട്ടറിയായി മാറ്റി നിയമിക്കും. കച്ചവടക്കാര്‍ക്ക് വാറ്റ് നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ടിങ്കു ബിസ്വാളിനോട് ജിഎസ്ടി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിങ്കു ബിസ്വാളിനെ മാറ്റിയത്.

മലബാര്‍ സിമന്‍റ്സിന്‍റെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ നിയമിക്കും. കൊച്ചി മെട്രോയിലെ 12 തസ്തികകള്‍ക്ക് 2019 ഏപ്രില്‍ ഒന്ന് മുതല്‍ തുടര്‍ച്ചാനുമതി നല്‍കും. അഗ്നിസുരക്ഷാ സേവന വകുപ്പിന് കീഴില്‍ ഫോര്‍ട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് പുറമെ പരിശീലന കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിന് ഓരോ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ABOUT THE AUTHOR

...view details