തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തിങ്കളാഴ്‌ച ചേരാനിരുന്ന നിയമസഭ സമ്മേളനം മാറ്റാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. 31ന് മുമ്പ് ധനബിൽ പാസ്സാക്കുന്നതിന് വേണ്ടിയാണ് നിയമസഭ ചേരാൻ തീരുമാനിച്ചിരുന്നത്. സഭ ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ധനബിൽ പ്രത്യേക ഓർഡിനൻസിനായി ഇറക്കും. ഇതിനായി പ്രത്യേക മന്ത്രിസഭ യോഗം തിങ്കളാഴ്ച ചേരും.
നിയമസഭ സമ്മേളനം മാറ്റി: മന്ത്രിസഭ യോഗത്തില്‍ തീരുമാനം
സഭ ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ധനബിൽ പ്രത്യേക ഓർഡിനൻസിനായി ഇറക്കും.
അതേസമയം സംസ്ഥാനത്ത് വൈറസ് വ്യാപനം ശക്തമാണെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ ഉടൻ ഏർപ്പെടുത്തണ്ടെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. 40,000 രോഗികളെ വരെ ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ടെന്നും യോഗം വിലയിരുത്തി. ക്ലസ്റ്ററുകൾ തിരിച്ചുള്ള ലോക്കൽ ലോക്ക് ഡൗൺ ഫലപ്രദമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതു കൂടാതെ തൊഴിൽ, സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിക്കണമെന്നും മന്ത്രിസഭയിൽ അഭിപ്രായമുയർന്നു. ജനങ്ങളുടെ ജീവനോപാധി കൂടി പരിഗണിച്ച് തീരുമാനം മതിയെന്ന് യോഗത്തിൽ ധാരണയായി. കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വെള്ളിയാഴ്‌ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ലോക്ക് ഡൗൺ സംബന്ധിച്ചും ചർച്ച നടത്തും. കൂടാതെ ആരോഗ്യ വിദഗ്‌ധരുമായി വിശദ ചർച്ചകൾ നടത്തിയ ശേഷമാകും തീരുമാനം. തിങ്കളാഴ്‌ച ചേരാൻ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും.